പെട്രോൾ ഡീസൽ വില കുറയും ?, പെട്രോളിയം മന്ത്രിയുടെ മറുപടി ഇങ്ങനെ !
പെട്രോളിനും ഡീസലിനും വില കുറയുമോ പെട്രോളിയം മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷ!
ദില്ലി: ഇന്ധനവില കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില സ്ഥിരത പുലർത്തുകയും, അടുത്ത പാദത്തിൽ എണ്ണ കമ്പനികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുകയും ചെയ്താൽ പെട്രോൾ ഡീസൽ വില കുറയ്ക്കുന്ന വിഷയം പരിഗണിക്കുമെന്നും മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തെിൽ സംസാരിക്കുകയായിരുന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ 2022 ഏപ്രിൽ മുതൽ എണ്ണവിലയിലെ വർധനവ് തടയാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും , ഇതിനായി, സർക്കാർ കൈക്കൊണ്ട നടപടികളും മന്ത്രി ഹർദീപ് സിങ് പുരി എടുത്തുപറഞ്ഞു. 2022 ഏപ്രിലിനു ശേഷം എണ്ണവിലയിൽ വർധനവുണ്ടാകില്ലെന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും, എണ്ണവില കുറയുമോ എന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു പ്രഖ്യാപനം നടത്താൻ തനിക്ക് കഴിയില്ലെന്നും മന്ത്രി സൂചിപ്പിച്ചു. എണ്ണവില കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മാത്രമല്ല കഴിഞ്ഞ പാദത്തിൽ എണ്ണ വിപണന കമ്പനികളുടെ പ്രകടനം മികച്ച രീതിയിലായിരുന്നെന്നും, നഷ്ടം കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും, എണ്ണ കമ്പനികൾ മിക ച്ച നേട്ടം കൈവരിക്കുകയും ചെയ്താൽ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാൻ കഴിയുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രതീക്ഷ പ്രകടിപ്പിച്ചു.