ഏത് ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നത്? ഈ 4 ബാങ്കുകൾ ഡിസംബറിൽ വരുത്തുന്നത് വലിയ മാറ്റങ്ങൾ
ഈ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർ ക്രെഡിറ്റ് കാർഡ് ഫീസും റിവാർഡുകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത്? ഡിസംബർ 1 മുതൽ രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്ബിഐ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് പോളിസികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർ ക്രെഡിറ്റ് കാർഡ് ഫീസും റിവാർഡുകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം.
എസ്ബിഐ കാർഡ്
എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഡിസംബർ 1 മുതൽ, 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി പേയ്‌മെൻ്റുകൾക്ക് എസ്ബിഐ കാർഡ് 1 ശതമാനം ഫീസ് ഈടാക്കും. കൂടാതെ, സിംപ്ലിക്ലിക്ക്, ഓറം, ഗോൾഡ് എസ്ബിഐ കാർഡുകൾ തുടങ്ങിയവയ്ക്ക്, ഡിജിറ്റൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നതിന് റിവാർഡ് പോയിൻ്റുകളൊന്നും ബാങ്ക് ഓഫർ ചെയ്യില്ല.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഡിസംബർ 20 മുതൽ 9 രൂപ റിഡംപ്ഷൻ ഫീസും ക്യാഷ് റിഡീംഷന് 18% ജിഎസ്ടിയും മൈലേജ് പ്രോഗ്രാമുകളിലേക്കുള്ള പോയിൻ്റ് ട്രാൻസ്ഫറുകൾക്ക് 199 രൂപയും 18% ജിഎസ്ടിയും ഈടാക്കും.
യെസ് ബാങ്ക്
യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ആണെങ്കിൽ ഡിസംബർ 1 മുതൽ, ഫ്ലൈറ്റുകൾക്കും ഹോട്ടലുകൾക്കുമുള്ള റിവാർഡ് പോയിൻ്റ് യെസ് ബാങ്ക് പരിമിതപ്പെടുത്തും.
എയു സ്മോൾ ഫിനാൻസ് ബാങ്ക്
എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാർഡായ Ixigo AU ക്രെഡിറ്റ് കാർഡിനായുള്ള റിവാർഡ് പോയിൻ്റ് നയം ബാങ്ക് പുതുക്കിയിട്ടുണ്ട്. ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. അതേസമയം, ചില വിഭാഗങ്ങളിൽ റിവാർഡ് പോയിന്റുകൾ നകുന്നത് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, സർക്കാർ, വാടക, ഭാരത് ബിൽ പേയ്‌മെൻ്റ് സിസ്റ്റം (ബിബിപിഎസ്) ഇടപാടുകൾക്ക് പോയിൻ്റുകളൊന്നും ലഭിക്കില്ല. കൂടാതെ, ഡിസംബർ 23 മുതൽ ബാങ്ക് 0% ഫോറെക്‌സ് മാർക്ക്അപ്പ് അവതരിപ്പിക്കുന്നതിനാൽ, അന്താരാഷ്ട്ര ഇടപാടുകളിലെ റിവാർഡ് പോയിൻ്റുകൾ നിർത്തലാക്കും. യൂട്ടിലിറ്റി, ടെലികോം, ഇൻഷുറൻസ് പേയ്‌മെന്റുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ കാർഡ് ഉടമകൾക്ക് 100 രൂപയ്ക്ക് 1 പോയിൻ്റ് ലഭിക്കും. മാത്രമല്ല, ഇൻഷുറൻസ് ചെലവിനായി കാർഡ് ഉടമകൾക്ക് ഓരോ ഇടപാടിനും 100 റിവാർഡ് പോയിൻ്റുകൾ വരെ നേടാനാകും