മുതിർന്ന പൗരനാണോ? ഈ ആനുകൂല്യങ്ങൾ ഉണ്ടെന്ന കാര്യം മറക്കരുത്
ഏറ്റവും ദുർബലമായ ജീവിത അവസ്ഥകളിലൂടെ കടന്നുപോകുന്നതിനാൽ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പല വിധത്തിലുള്ള ആനുകൂല്യങ്ങളും സര്‍ക്കാരും മറ്റും ലഭ്യമാക്കുന്നുണ്ട്.
വിരമിക്കൽ കഴിഞ്ഞാൽ പലപ്പോഴും മുതിർന്ന പൗരന്മാർക്ക് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കാറുണ്ട്. അതിൽ ചിലത് സാമ്പത്തികമാകാം ചിലത് ആരോഗ്യ പ്രശ്നങ്ങളായിരിക്കാം. ഏറ്റവും ദുർബലമായ ജീവിത അവസ്ഥകളിലൂടെ കടന്നുപോകുന്നതിനാൽ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പല വിധത്തിലുള്ള ആനുകൂല്യങ്ങളും സര്‍ക്കാരും മറ്റും ലഭ്യമാക്കുന്നുണ്ട്. മുതിര്‍ന്ന വ്യക്തികള്‍ക്ക് നൽകുന്ന അനുകൂല്യങ്ങളേതൊക്കെയാണെന്ന് പരിശോധിക്കാം.
1. ഉയർന്ന പലിശ നിരക്ക്
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് സ്ഥിര നിക്ഷേപങ്ങൾ, സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള പലിശ മുതിർന്ന വ്യക്തികൾക്ക് കൂടുതലാണ്. മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ എഫ്ഡികളേക്കാൾ 0.25% മുതൽ 0.75% വരെ ഉയർന്ന പലിശ ലഭിക്കും.
2. ആദായ നികുതി ആനുകൂല്യങ്ങൾ
നിരവധി നികുതി ആനുകൂല്യങ്ങൾക്കും പ്രായമായ വ്യക്തികൾക്ക് അർഹതയുണ്ട്. 60 നും 80 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് നികുതി ഇളവ് പരിധി 3 ലക്ഷം ആണ്, അതേസമയം 80 വയസ്സിന് മുകളിലുള്ളവർക്ക് ഇത് 5 ലക്ഷം ആണ്. കൂടാതെ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് 25,000 രൂപയ്ക്ക് പകരം 50,000 രൂപയുടെ ഉയർന്ന കിഴിവുകളും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ അവരുടെ ചികിത്സാ ചെലവുകൾക്ക് 50,000 രൂപ വരെ സെക്ഷൻ 80D പ്രകാരം കിഴിവുകൾ ലഭിക്കും.
3. പെൻഷൻ പദ്ധതികൾ
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (SCSS), നാഷണൽ പെൻഷൻ സിസ്റ്റം (NPS) എന്നിങ്ങനെ മുതിർന്ന പൗരന്മാർക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നിലധികം പെൻഷൻ പദ്ധതികൾ നിലവിലുണ്ട്. ഉദാഹരണത്തിന് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിന് കീഴിൽ ചേരുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം അക്കൗണ്ട് ഉടമയുടെ പ്രായം 60 വയസോ അതിൽ കൂടുതലോ ആയിരിക്കണം എന്നതാണ്. അതേ സമയം, 55 വയസോ അതിൽ കൂടുതലോ പ്രായമുള്ള, എന്നാൽ 60 വയസ്സിൽ താഴെ പ്രായമുള്ള, സൂപ്പർആനുവേഷനിലോ വിആർഎസിന് കീഴിലോ വിരമിച്ച വ്യക്തിക്കും അക്കൗണ്ട് തുറക്കാൻ കഴിയും,
4. ബാങ്കിംഗ് സൗകര്യങ്ങൾ വീട്ടുപടിക്കൽ
ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പണം അല്ലെങ്കിൽ ചെക്ക് ഇടപാട്, ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങൾ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വീട്ടിലെത്തിക്കണം
5. ആരോഗ്യ ഇൻഷുറൻസ്
പ്രായമായ വ്യക്തികൾക്ക് രോഗങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത കൂടുതലാണ് . മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വിവിധ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഉണ്ട്. ഈ പ്ലാനുകൾ വിപുലമായ കവറേജ് ഉറപ്പാക്കുകയും മെഡിക്കൽ ആവശ്യങ്ങളുള്ള സമയങ്ങളിൽ സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു.