മരണവീട്ടിൽ നിന്ന് മടങ്ങവേ സ്കൂട്ടർ വട്ടംചാടി; ചോദ്യം ചെയ്തതിന് യുവാവിനെ കൂട്ടംകൂടി മർദ്ദിച്ചതായി പരാതി
അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതോടെ യുവാവ് സ്കൂട്ടറിന്റെ ഫോട്ടോ എടുത്തത് കൂടുതൽ പ്രകോപനമുണ്ടാക്കി.
മലപ്പുറം: സ്കൂട്ടർ വട്ടംചാടിയത് ചോദ്യം ചെയ്ത യുവാവിനെ കൂട്ടംകൂടി മർദിച്ചതായി പരാതി. കരുവാരക്കുണ്ട് സ്വദേശി ചേരിയത്ത് ശംസുദ്ധീനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെ വലമ്പൂരിനടുത്തുള്ള കുരുവമ്പലത്താണ് സംഭവം.
മരണവീട്ടിൽ പോയി മടങ്ങിവരികയായിരുന്ന ശംസുദ്ധീൻ കുരുവമ്പലം എന്ന സ്ഥലത്തെത്തിയപ്പോൾ സ്കൂട്ടർ വട്ടം ചാടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ശംസുദ്ധീനെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞു മർദ്ദിച്ചു. ഇതോടെ ശംസുദ്ധീൻ യുവാവ് സഞ്ചരിച്ച സ്കൂട്ടറിന്റെ ഫോട്ടോ എടുത്തു. ഇതിൽ കൂടുതൽ പ്രകോപിതനായ യുവാവ് ഫോൺ വഴി കൂടുതൽ ആളുകളെ വിളിച്ചുവരുത്തി വടിയും മറ്റു ആയുധങ്ങങ്ങളും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവത്രെ. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള മർദ്ദനം. കൂടാതെ പരിക്കേറ്റ ശംസുദ്ദീനെ മണിക്കൂറുകളോളം തടഞ്ഞു വെയ്ക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
ഒടുവിൽ കരുവാരക്കുണ്ടിൽ നിന്ന് സുഹൃത്തുക്കൾ എത്തിയാണ് ശംസുദ്ധീനെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ യുവാവ് മങ്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.