ഐപിഎല്ലിൽ പോലും ഇനി പ്രതീക്ഷയില്ല; 31-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയല്‍സ് മുന്‍ പേസര്‍
2013ലെ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയതിലൂടെയാണ് അങ്കിതിന്‍റെ ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത്.
ലക്നൗ: ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പേസര്‍ അങ്കിത് രജ്‌പുത്. 31-ാം വയസിലാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാൻ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്ക് കളിച്ചിട്ടുള്ള അങ്കിത് രജ്‌പുത് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ അങ്കിതിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അങ്കിത് ഇനി വിദേശ ടി20 ലീഗുകളില്‍ കളിക്കുമെന്നാണ് കരുതുന്നത്. 2009 മുതല്‍ 2024വരെ നീണ്ട കരിയറില്‍ തനിക്ക് പിന്തുണ നല്‍കിയ ബിസിസിഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അങ്കിത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
2013ലെ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയതിലൂടെയാണ് അങ്കിതിന്‍റെ ഐപിഎല്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീട് പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ക്കായി കളിച്ചു. അവസാനം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 2018 ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി കളിക്കുമ്പോഴാണ് അങ്കിത് ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അങ്കിത് അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയെങ്കിലും മത്സരം പഞ്ചാബ് 13 റണ്‍സിന് തോറ്റു. ഐപിഎല്ലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ അണ്‍ ക്യാപ്ഡ് പ്ലേയറും പഞ്ചാബ് കിംഗ്സിന്‍റെ ആദ്യ ബൗളറുമാണ് അങ്കിത് രജ്‌പുത്.
15 വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 50 ലിസ്റ്റ് എ മത്സരങ്ങളിലും 87 ടി20 മത്സരങ്ങളിലും അങ്കിത് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 248 വിക്കറ്റും ലിസ്റ്റ് എ മത്സരങ്ങളില്‍ 71 വിക്കറ്റും ടി20 ക്രിക്കറ്റില്‍ 105 വിക്കറ്റും നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക