ചിപ്പ് ക്ഷാമം തീരുന്നു; വാഹന നിർമ്മാതാക്കൾക്ക് ആശ്വസിക്കാം
സാധാരണ വാഹനങ്ങളേക്കാള്‍ ഇരട്ടി ചിപ്പുകളാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ചിപ്പുകളുടെ ഡിമാന്‍റും ഉയരും
വാഹന നിര്‍മാണ മേഖലയിലെ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്നു. ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ചെങ്കിലും ആവശ്യത്തിന് ഡിമാന്‍റില്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ചിപ്പുകള്‍ വാഹനനിര്‍മാണ മേഖലയടക്കമുള്ള മറ്റ് വ്യവസായങ്ങളിലേക്ക് മാറ്റിത്തുടങ്ങിയത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോവിഡ് കാലത്ത് കമ്പ്യൂട്ടറുകള്‍, ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ആവശ്യം വര്‍ധിച്ചതോടെ ചിപ്പുകള്‍ കൂടുതല്‍ ഈ മേഖലയിലാണ് ഉപയോഗിച്ചിരുന്നത്. കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായിരുന്ന വാഹന നിര്‍മാണ മേഖല പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അപ്പോഴേക്കും ചിപ്പുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതോടെ മേഖലയിലാകെ ഉല്‍പാദം പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉടലെടുത്തിരുന്നു.
ALSO READ: മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ
നിലവില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ ചിപ്പുകളുടേയും 63 ശതമാനം കമ്പ്യൂട്ടര്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ മേഖലയിലാണ് ഉപയോഗിക്കുന്നത്. വാഹന നിര്‍മാണ മേഖല 13 ശതമാനവും ഉപഭോക്തൃ, വ്യവസായ മേഖല 12 ശതമാനവും ഉപയോഗിക്കുന്നു. വാഹന നിര്‍മാണ മേഖലയിലെ മൊത്തം ആവശ്യത്തിന്‍റെ 85 മുതല്‍ 90 ശതമാനം വരെ ചിപ്പുകള്‍ നിലവില്‍ ലഭിക്കുന്നുണ്ട്.
വാഹന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചിപ്പുകള്‍ ഉപയോഗിക്കുന്ന വിഭാഗം യാത്രാ വാഹനങ്ങളുടേതാണ്. കുറഞ്ഞത് 1,500 ചിപ്പുകളാണ് ഒരു വാഹനത്തിന് വേണ്ടത്. കൂടുതല്‍ ഫീച്ചേഴ്സുകള്‍ ഉണ്ടെങ്കില്‍ ചിപ്പുകളുടെ എണ്ണവും കൂടും. സാധാരണ വാഹനങ്ങളേക്കാള്‍ ഇരട്ടി ചിപ്പുകളാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ചിപ്പുകളുടെ ഡിമാന്‍റും ഉയരും. നിലവില്‍ രാജ്യത്ത് ആവശ്യമുള്ള ചിപ്പുകള്‍ ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്ത് ആവശ്യമുള്ളവ ആഭ്യന്തരമായി നിര്‍മിക്കാനും ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ട് ചിപ്പുകളുടെ നിര്‍മാണം പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം