മൂന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രം 2500 കോടി നൽകി
മൂന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 2500 കോടി രൂപ അനുവദിച്ചു.
ദില്ലി: മൂന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 2500 കോടി രൂപ അനുവദിച്ചു. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി എന്നിവയ്ക്കാണ് പണം അനുവദിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകൾക്ക് മൂന്ന് ലക്ഷം കോടി കേന്ദ്രം നൽകിയിട്ടുണ്ടെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് സ്ഥാപനങ്ങളെയും ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂലധന നിക്ഷേപം നടത്തിയിരിക്കുന്നത്. ലയന നീക്കം കേന്ദ്രം നടത്തുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി ഇതിനു അംഗീകാരം നൽകിയിട്ടില്ല. മുൻപ് അരുൺ ജെയ്റ്റ്‌ലി ധനകാര്യമന്ത്രി ആയിരിക്കെയാണ് ഇതിനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചത്.