Asianet News MalayalamAsianet News Malayalam

ബൈജൂസിനെ വലച്ച് ഉന്നതരും പടിയിറങ്ങുന്നു; ഉപദേശക സമിതിയിലെ സ്ഥാനം രാജിവച്ച് എസ്ബിഐയുടെ മുൻ ചെയർമാൻ

ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ  രജനിഷ് കുമാറും മോഹൻദാസ് പൈയും  രാജി പ്രഖ്യാപിച്ചു.

Byjus woes worsen Rajnish Kumar, Mohandas Pai to step down from advisory panel
Author
First Published May 20, 2024, 1:55 PM IST

ടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ  രജനിഷ് കുമാറും മോഹൻദാസ് പൈയും  രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം  ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലെ കാലതാമസം ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളിൽപ്പെട്ടുഴലുന്നതിനിടെയാണ് ബൈജൂസിലെ ഉന്നതരുടെ രാജി. രജനീഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ വർഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നൽകിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി. പ്രക്ഷുബ്ധമായ സമയങ്ങളിൽ കമ്പനിയെ നയിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ബൈജു പറഞ്ഞു. രജനീഷ് കുമാർ എസ്ബിഐയുടെ മുൻ ചെയർമാനും മോഹൻദാസ് പൈ ഇൻഫോസിസിന്റെ മുൻ ഫിനാൻഷ്യൽ ഓഫീസറുമാണ്. സ്ഥാപകർക്കും കമ്പനിക്കും ഏത് ഉപദേശത്തിനും എപ്പോഴും തങ്ങളെ ബന്ധപ്പെടാമെന്നും  ഇരുവരും വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കുന്നതിനും പരമാവധി പേരെ കോഴ്സുകളിലേക്ക് ആകർഷിക്കുന്നതിനുമായി അടുത്തിടെ, ബൈജൂസ് മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ   കോഴ്‌സ് അംഗത്വ ഫീസ് 30-40 ശതമാനം കുറച്ചിരുന്നു. ഇതോടൊപ്പം വിൽപന ഇൻസെന്റീവ് 50-100 ശതമാനം വരെ കമ്പനി വർധിപ്പിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ബൈജൂസ് ലേണിംഗ് ആപ്പിന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് 12,000 രൂപ  പ്രാരംഭ വിലയിൽ ലഭ്യമാണ്. ബൈജൂസ് ക്ലാസുകളുടെയും ബൈജൂസ് ട്യൂഷൻ സെന്ററിന്റെയും  മുഴുവൻ നിരക്കും വർഷം മുഴുവനും യഥാക്രമം 24,000 രൂപയും 36,000 രൂപയുമാണ്.

ഏകദേശം 15,000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. കടുത്ത പ്രതിസന്ധിയിലായ ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം  നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു  പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios