ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 1000 ജീവനക്കാർ പുറത്തായേക്കും

വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ പ്രമുഖരായ ബൈജൂസ്‌. ചെലവ് ചുരുക്കൽ നടപടിയായി കൂടുതൽ ജോലികൾ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി

Byjus plans to cut more jobs to slash costs apk

തിരുവനന്തപുരം: എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ  പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം 1000 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത് .സെയിൽസ് ടീമിലെ കരാർ ജോലിക്കാരെ ബാധിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല 

ബൈജൂസിന്റെ കടബാധ്യതകളും യുഎസ് കോടതിയിലെ നിയമപരമായ കേസും പലതവണ വാർത്തയായിരുന്നു. ഈ വർഷം ആദ്യം കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മീഡിയ, ടെക്‌നോളജി, കണ്ടന്റ് ടീമുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്.ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം പ്രതിവർഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയർ വൈസ് പ്രസിഡന്റുമാരുൾപ്പെടെ നിരവധി ഉന്നത എക്സിക്യൂട്ടീവുകളെ പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. ഈ വർഷമാദ്യത്തെ പിരിച്ചുവിടലിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 30 ശതമാനത്തോളം ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു.

ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും  ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലും നേരത്തെ ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന നടന്നത്. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. യു.എസിലെ ബാങ്കുകൾക്ക് പണം കമ്പനി വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസ് നടക്കുന്നതിനിടയിലാണ് വീണ്ടും പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ വരുന്നത്..

അക്കൗണ്ടിംഗ് ക്രമക്കേടുകൾ, കോഴ്‌സുകളുടെ തെറ്റായ വിൽപ്പന, കൂട്ട പിരിച്ചുവിടലുകൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ എഡ്‌ടെക് ഭീമൻ വിമർശനത്തിന് വിധേയമായതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് കഴിഞ്ഞ വർഷം മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിന്നു. ബൈജൂസിന്റെ വില്പനയിൽ നിരവധി പരാതികളായിരുന്നു ഉയർന്നു വന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് വില്പന തന്ത്രം മാറ്റുന്നതായി കമ്പനി അറിയിച്ചിരുന്നു. ബൈജൂസിന്റെ സെയിൽസ് ടീം ഇനി വീടുകളിലെത്തി കോഴ്‌സുകൾ വില്പന നടത്തില്ലെന്നും, 25000 രൂപയിൽ കുറവ് വരുമാനമുള്ള വീടുകളിൽ കച്ചവടം നടത്തില്ല എന്നും അറിയിച്ചിരുന്നു. 2012 ലാണ് എഡ്ടെക് കമ്പനി സ്ഥാപിതമായത്.

Latest Videos
Follow Us:
Download App:
  • android
  • ios