മുദ്ര വായ്പയുടെ പരിധി കൂട്ടണം, ആവശ്യവുമായി എംഎസ്എംഇ
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 29 ശതമാനം സംഭാവന നൽകുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ്. കൂടാതെ തൊഴിൽ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു.
കൂടുതല്‍ മൂലധന സഹായം ലഭ്യമാക്കത്തക്ക രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയോടെ വരാനിരിക്കുന്ന ബജറ്റിനെ കാത്തിരിക്കുകയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖല. പ്രധാനമായും മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യമാണ് സംരംഭകര്‍ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ വായ്പകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി 2 കോടിയില്‍ നിന്നും 5 കോടിയാക്കി ഉയര്‍ത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ഇത് വഴി ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുമെന്ന് സംരംഭകര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താനുള്ള സഹായം നല്‍കണമെന്നും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖല ആവശ്യപ്പെടുന്നുണ്ട്.
ജിഎസ്ടി ലളിതമാക്കുക, പുതിയ പേയ്‌മെന്റ് റൂൾ (സെക്ഷൻ 43 ബി) ഒരു വർഷത്തേക്ക് മാറ്റിവയ്ക്കുക, പുതിയ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി നടപ്പാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ഇത് നിർമ്മാണ മേഖലയ്ക്ക് ഉണർവ് നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 29 ശതമാനം സംഭാവന നൽകുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ്. കൂടാതെ തൊഴിൽ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. സർക്കാർ കണക്കുകൾ പ്രകാരം 11.10 കോടി തൊഴിലവസരങ്ങളിൽ 360.41 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ എംഎസ്എംഇ മേഖല സൃഷ്ടിക്കുന്നു.
ചെലവ് കുറയ്ക്കുന്നതിനും ഉൽപന്നങ്ങളുടെ മികച്ച വിപണനത്തിനും ഉൽപ്പാദക സഹകരണ സംഘങ്ങൾ വഴി അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. വാർഷിക വിറ്റുവരവ് ഒരു കോടി രൂപയിൽ താഴെയുള്ള ഉൽപ്പാദന യൂണിറ്റുകൾക്ക് നികുതി ഇളവുകൾ ലഭ്യമാക്കണം . റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ വ്യാവസായിക മേഖലയ്ക്ക് ബാങ്കുകൾ നൽകിയ മൊത്തം വായ്പയിൽ എംഎസ്എംഇകൾക്ക് നൽകിയ വായ്പയുടെ വിഹിതം 28 ശതമാനം മാത്രമാണ്, 72 ശതമാനം വായ്പകൾ വൻകിട വ്യവസായങ്ങൾക്ക് നൽകിയിട്ടുണ്ട്.