എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്
സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം
![sp venkitesh after a break in malayalam ramuvinte manaivikal movie for release sp venkitesh after a break in malayalam ramuvinte manaivikal movie for release](https://static-gi.asianetnews.com/images/01jcntfagasyp9gkerq18xrx41/fotojet--4-_363x203xt.jpg)
മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നു. ആണധികാരത്തോടു പൊരുതുന്ന മൂന്നു പെണ്ണുങ്ങളുടെ കഥ പറയുന്ന ‘രാമുവിന്റെ മനൈവികൾ’ എന്ന സിനിമയിലൂടെയാണ് വെങ്കിടേഷ് മലയാളത്തിൽ വീണ്ടും സാന്നിധ്യമാവുന്നത്. സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈരഭാരതി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് എസ് പി വെങ്കിടേഷ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതമൊരുക്കിയതും എസ്പിവി തന്നെ. പി ജയചന്ദ്രൻ, രഞ്ജിത്ത് ഉണ്ണി, വി വി പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
പഠിച്ച് ഡോക്ടറാകാനും ഊരിലെ പാവപ്പെട്ട മനുഷ്യർക്കായി ജീവിക്കാനും ആഗ്രഹിക്കുന്ന മല്ലിയെന്ന ആദിവാസി പെൺകുട്ടി നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമയുടെ മുഖ്യപ്രമേയം. തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. ശിവകാശി, മധുര, പൊള്ളാച്ചി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ബാലു ശ്രീധർ ആണ് നായക വേഷം അവതരിപ്പിക്കുന്നത്. ആദിവാസി പെൺകുട്ടി മല്ലിയായി ആതിര വേഷമിടുന്നു. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക. ബീന, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സനീഷ്, സി എ വിൽസൺ, മനോജ് മേനോൻ, എം കുഞ്ഞാപ്പ, ഭാഗ്യനാഥൻ, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.
‘രാമുവിന്റെ മനൈവികൾ’ എംവികെ ഫിലിംസും ലെൻസ് ഓഫ് ചങ്ക്സും ചേർന്ന് നിർമിക്കുന്നു. വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവരാണ് നിർമാതാക്കൾ. ഛായാഗ്രഹണം വിപിന്ദ് വി രാജ്, എഡിറ്റിംഗ്:പി സി മോഹനൻ, കലാസംവിധാനം പ്രഭ മണ്ണാർക്കാട്, മേക്കപ്പ് ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ചെന്താമരാക്ഷൻ, വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എം കുഞ്ഞാപ്പ, അസിസ്റ്റൻറ് ഡയറക്ടർ ആദർശ് ശെൽവരാജ്, സംഘട്ടനം ആക്ഷൻ പ്രകാശ്, നൃത്തം ഡ്രീംസ് ഖാദർ, പ്രൊഡക്ഷൻ മാനേജർ വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഒ അയ്മനം സാജൻ.
ALSO READ : നവാഗത സംവിധായകന്‍റെ ചിത്രം; 'ഈ ബന്ധം സൂപ്പറാ' തിയറ്ററുകളിലേക്ക്