അവധിയെടുക്കാതെ ജോലി ചെയ്യുന്നത് നല്ലതാണോ; അല്ലെന്ന് ബിൽ ഗേറ്റ്‌സ്
നന്നായി ജോലി ചെയ്യാൻ നീണ്ട ജോലി സമയം ആവശ്യമില്ലെന്ന് മനസിലാക്കിയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്
ജീവിതത്തിൽ വിജയം നേടുന്നതിന്, ഒരാൾ കഠിനമായി അധ്വാനിക്കണം. ജോലിയായാലും ബിസിനസ് ആയാലും തുടക്കത്തിലേ അതിനായി ചോരയും വിയർപ്പും ഒഴുക്കേണ്ടി വരും. ലോകമെമ്പാടുമുള്ള എല്ലാ വിജയികളും വിജയത്തിന്റെ ഈ അടിസ്ഥാന മന്ത്രമാണ് പിന്തുടരുന്നത്. ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള ഒരാൾ, താൻ വർഷങ്ങളോളം അവധിയെടുക്കാതെ ജോലി ചെയ്തിട്ടുണ്ടെന്നും ഈ കാലയളവിൽ, അവധി ദിവസങ്ങളിൽ മാത്രമല്ല, വാരാന്ത്യങ്ങളിലും ജോലി ചെയ്തെന്നും വെളിപ്പെടുത്തിയിരിക്കുകാണ്. ഈ കോടീശ്വരനായ വ്യവസായി മറ്റാരുമല്ല, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആണ്.
ബിൽ ഗേറ്റ്‌സിന്റെ കമ്പനിയായ മൈക്രോസോഫ്റ്റ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഐടി സ്ഥാപനമാണ്. 300 ലക്ഷം കോടിയിലധികം രൂപ മൂല്യമുള്ള സ്ഥാപനം. തനിക്ക് അവധി ദിവസങ്ങളിൽ വിശ്വാസമില്ലായിരുന്നെന്നും ആരൊക്കെ ഓഫീസിൽ നേരത്തെ പോകുന്നു, ആരാണ് വൈകിയും ഓഫീസിലിരിക്കുന്നത് എന്നറിയാൻ താൻ എല്ലാ ദിവസവും മൈക്രോസോഫ്റ്റ് ഓഫിസിലെ പാർക്കിംഗ് ഏരിയയിലേക്ക് നോക്കുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, കാലത്തിനനുസരിച്ച് തന്റെ ചിന്താഗതി മാറിയെന്നും നന്നായി ജോലി ചെയ്യാൻ നീണ്ട ജോലി സമയം ആവശ്യമില്ലെന്ന് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെപ്പോലുള്ളവർ ഈ കാര്യം മനസ്സിലാക്കാൻ ഇത്രയും സമയം എടുക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. യുഎസിലെ നോർത്തേൺ അരിസോണ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സമയത്തും ജോലി ചെയ്യുന്നത് ആ തൊഴിലിന് ഗുണകരമായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ക്ഷമയുടെ പ്രാധാന്യവും ഗേറ്റ്സ് വിദ്യാർഥികൾക്ക് വിശദീകരിച്ചുകൊടുത്തു. പ്രതികൂല സാഹചര്യങ്ങളിലും ശാന്തത പാലിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്തെങ്കിലും പഠിക്കാൻ ബിൽ ഗേറ്റ്സ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.