അദാനി കടത്തിലോ? ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

കടബാധ്യത കുറയ്ക്കാൻ വേണ്ടിയാണ് അദാനി ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.

Adani Group looking to sell up to 5% stake in Adani Power, Ambuja Cements

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പ് തങ്ങളുടെ ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. അദാനി പവർ, അംബുജ സിമന്റ്സ് തുടങ്ങിയ കമ്പനികളിൽ ഗ്രൂപ്പ് പ്രൊമോട്ടർ എന്ന നിലയിലുള്ള ഓഹരികളാണ് വിൽക്കാൻ പോകുന്നതെന്ന് സിഎൻബിസി ആവാസ് റിപ്പോർട്ട് ചെയ്യുന്നു.  അദാനി പവറിന്റെയും അംബുജ സിമന്റിന്റെയും  5 ശതമാനം ഓഹരികളാണ് വിൽക്കാൻ ശ്രമം നടത്തുന്നത്. അദാനി ഗ്രൂപ്പ് ഓഫർ ഫോർ സെയിൽ വഴിയോ ബ്ലോക്ക് ഡീലുകൾ വഴിയോ ഈ രണ്ട് കമ്പനികളിലെയും ഓഹരികൾ വിറ്റേക്കുമെന്നാണ് റിപ്പോർട്ട്. 15,000 കോടി മുതൽ 20,000 കോടി രൂപ വരെ ഇത് വഴി അദാനി ഗ്രൂപ്പിന് സമാഹരിക്കാനാകും. അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

കടബാധ്യത കുറയ്ക്കാൻ വേണ്ടിയാണ് അദാനി ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ജൂൺ പാദത്തിന്റെ അവസാനത്തിൽ അദാനി പവറിൽ 72.71 ശതമാനവും അംബുജ സിമന്റ്സിൽ 70.33 ശതമാനവും ഓഹരികൾ ആണ് അദാനി ഗ്രൂപ്പിന്റെ പക്കലുള്ളത്.  റിപ്പോർട്ട് പുറത്തുവന്നതോടെ, അദാനി പവർ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായി. 3.34 ശതമാനം താഴ്ന്ന്  671.90 രൂപയിലാണ് അദാനി പവറിന്റെ ഓഹരികളുടെ ഇന്നത്തെ ക്ലോസിംഗ്. അതേസമയം, അംബുജ സിമന്റ്സിന്റെ ഓഹരി വിലയിൽ നേരിയ വർധനയുണ്ടായി. അംബുജ സിമന്റ്സ് ഓഹരികൾ  0.5 ശതമാനം ഉയർന്ന് 632.5 രൂപയിലെത്തി.

അംബുജ സിമന്റും  എസിസി ലിമിറ്റഡും നിലവിൽ അദാനിയുടെ ഉടമസ്ഥതയിലാണ്. 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യൻ സിമന്റ് വിപണിയുടെ 20 ശതമാനവും പിടിച്ചെടുക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മികച്ച ഇടപെടല്‍ നടത്തിയിരുന്നെങ്കിലും സിമന്‍റ് വ്യവസായത്തില്‍ കാര്യമായ സ്വാധീനം ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് സ്വിറ്റ്സര്‍ലന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോള്‍സിമില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറിന് അംബുജ സിമന്‍റ്സ്, എസിസി എന്നിവയുടെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം അദാനി സ്വന്തമാക്കിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്‍റ് നിര്‍മാതാക്കളാണ് അദാനി.
 

Latest Videos
Follow Us:
Download App:
  • android
  • ios