പണം വീട്ടിൽ വരും; പുതിയ സംവിധാനവുമായി പോസ്റ്റ് പേയ്മെൻറ്സ് ബാങ്ക്
ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം വഴി ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടിൽ നിന്ന് ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് പണം പിൻവലിക്കാനോ പണമടയ്ക്കാനോ സാധിക്കും
അത്യാവശ്യത്തിന് പണം ആവശ്യമുള്ളപ്പോൾ, ബാങ്കിലോ എടിഎമ്മിലോ ഇനി പോകേണ്ടതില്ല, പണം നിങ്ങളുടെ വീട്ടിലെത്തിക്കും. ഇന്ത്യൻ പോസ്റ്റ് പേയ്മെൻറ്സ് ബാങ്ക് (IPPB) ആണ് ഈ സേവനം നൽകുന്നത്. ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം വഴി ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടിൽ നിന്ന് ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് പണം പിൻവലിക്കാനോ പണമടയ്ക്കാനോ സാധിക്കും. എടിഎമ്മോ ബാങ്കോ സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് എടിഎം വഴി തുക പിൻവലിക്കാം. ഇതിനായി പോസ്റ്റ്മാൻ നിങ്ങളുടെ വീട്ടിലെത്തി പണം പിൻവലിക്കാൻ സഹായിക്കും.
എന്താണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം?
ബയോമെട്രിക്‌സ് മാത്രം ഉപയോഗിച്ച് ബാലൻസ് അറിയൽ, പണം പിൻവലിക്കൽ, മിനി സ്റ്റേറ്റ്‌മെന്റ്, ഫണ്ട് കൈമാറ്റം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ നടത്താനാകുന്ന ഒരു പേയ്‌മെന്റ് സേവനമാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം.
എങ്ങനെ ആധാർ എടിഎം ഉപയോഗിക്കാം?
ഇതിനായി, ഇന്ത്യൻ പോസ്റ്റ് പേയ്മെൻറ്സ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി ഡോർ സ്റ്റെപ്പ് ബാങ്കിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കണം.
ഇവിടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം, പിൻ കോഡ്, നിങ്ങളുടെ വീടിന് അടുത്തുള്ള പോസ്റ്റ് ഓഫീസ്, അക്കൗണ്ട് ഉള്ള ബാങ്കിന്റെ പേര് എന്നിവ നൽകുക.
ഇതിന് ശേഷം ഐ എഗ്രീ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
കുറച്ച് സമയത്തിനുള്ളിൽ പണവുമായി പോസ്റ്റ്മാൻ നിങ്ങളുടെ വീട്ടിലെത്തും.
എഇപിഎസ് വഴിയുള്ള ഇടപാടുകൾക്ക് 10,000 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ പണം ലഭിക്കുന്നതിന് പ്രത്യകമായി ഒരു ഫീസും നൽകേണ്ടതില്ല.