മകളുടെ വിവാഹത്തിനായി 18 ലക്ഷം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു, 1 വർഷം കഴിഞ്ഞ് പരിശോധിച്ചപ്പോൾ ചിതൽ തിന്നു!
ബാങ്കിലെത്തിയ ഇവർ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതൽ തിന്ന് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
മൊറാദാബാദ്: മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതൽ തിന്ന് നശിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ അൽക്ക പഥക് എന്ന സ്ത്രീക്കാണ് ഇത്രയും പണം നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലെ ലോക്കറിലാണ് ഇവർ 18 ലക്ഷം രൂപ സൂക്ഷിച്ചത്. ലോക്കർ എഗ്രിമെന്റ് പുതുക്കുന്നതിനായി ഇവരെ ബാങ്ക് ജീവനക്കാർ ബന്ധപ്പെടുകയും കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ബ്രാഞ്ചിലെത്താൻ ആവശ്യപ്പെട്ടു.
ബാങ്കിലെത്തിയ ഇവർ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതൽ തിന്ന് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാങ്ക് അധികൃതരും വെട്ടിലായി. വിഷയം വിവാദമായതിനെ തുടർവ്വ് ബാങ്ക് ഓഫ് ബറോഡ റിപ്പോർട്ട് അയച്ചതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥർ തന്നോട് ഒരു വിവരവും പറഞ്ഞില്ലെന്ന് ഇവർ ആരോപിച്ചു. ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് റിസർവ് ബാങ്ക് നിരോധിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പില്ല.
ആഭരണങ്ങളും രേഖകളും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്ക് മാത്രമാണ് ലോക്കർ ഉപയോഗിക്കേണ്ടതെന്നും പണമോ കറൻസിയോ സൂക്ഷിക്കാൻ വേണ്ടിയല്ലെന്നും ബാങ്ക് ഓഫ് ബറോഡ ലോക്കർ കരാറിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മോഷണം, കവർച്ച എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തിന് ബാങ്കിന്റെ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു.