നിങ്ങളുടെ കൈയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് കടക്കെണി

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ച പണം സമയത്ത് തിരിച്ചടയ്ക്കാതെ നിങ്ങള്‍ക്ക് വലിയ കടക്കെണി ഉണ്ടായെന്ന് സങ്കല്‍പ്പിക്കുക. ഈ സമയത്താണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഏറ്റവും ഉപകാരപ്രദമാവുക.

important advises for credit card users, nov. 19 2019

നമ്മുടെ കയ്യില്‍ ഇല്ലാത്ത കാശ് ചെലവഴിക്കാന്‍ സമ്മതിക്കുന്ന ഏറ്റവും ഉപയോഗപ്രദമായ സംവിധാനമാണ് ക്രെഡിറ്റ് കാര്‍ഡ്. അതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ ഇന്ന് ഏറെയാണ്. പക്ഷെ, ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കയ്യിലെ കാശ് കടംവീട്ടുന്നതിന് മാത്രമേ തികയുകയുള്ളു എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്‌റെ മറ്റൊരു വശം.

കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപകരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരു മുന്‍പിന്‍ ചിന്തയില്ലാതെ, കൈയ്യിലുള്ള പണം മുഴുവന്‍ തോന്നുംപടി ചിലവഴിക്കുന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കില്‍ കടം കയറാന്‍ അധിക സമയം വേണ്ടിവരില്ല. കാരണം, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പലിശനിരക്കും പിഴയായി വാങ്ങുന്ന തുകയും കൂടുതലാണ്.

എമര്‍ജന്‍സി ഫണ്ട്

ക്രെഡിറ്റ് കാര്‍ഡിനെ ഒരു എമര്‍ജന്‍സി ഫണ്ടായിക്കണ്ട് ഉപയോഗിക്കുന്നതാകും കൂടുതല്‍ ഉചിതം. പെട്ടെന്നുള്ള ചിലവുകള്‍ക്ക് ഏറെ സഹായകമാണ് ക്രെഡിറ്റ് കാര്‍ഡ്. യാത്രക്കിടയിലും ആശുപത്രി ചിലവുകള്‍ക്കും ഇങ്ങനെ കാര്‍ഡുകള്‍ ഉപയോഗിക്കാം. എന്നാല്‍, ഇവ ക്രെഡിറ്റ് പീരീഡില്‍ തന്നെ തിരിച്ചടയ്ക്കാന്‍ ശ്രദ്ധിക്കണം.

important advises for credit card users, nov. 19 2019

ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ എടുക്കാം?

സ്ഥിരമായ വരുമാനം ഉണ്ടെങ്കില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി. ഇല്ലെങ്കില്‍ തിരിച്ചടവ് മുടങ്ങി വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡിന് ബാങ്ക് ശാഖ വഴിയും, ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. വരുമാനത്തിനനുസരിച്ചുള്ള പ്ലാന്‍ വേണം തിരഞ്ഞെടുക്കാന്‍. സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ട്രാവല്‍ കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം.
ഇന്ധന ആവശ്യങ്ങള്‍ക്ക് ഫ്യുവല്‍ കാര്‍ഡുകളും ലഭ്യമാണ്. ഷോപ്പിങ്ങിന് ഓഫറുകള്‍ ലഭിക്കുന്ന കാര്‍ഡുകളുമുണ്ട്. ഇങ്ങനെ എന്താവശ്യത്തിനാണോ ക്രെഡിറ്റ് കാര്‍ഡ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ സാധ്യതയെന്ന് പരിശോധിച്ചറിഞ്ഞുവേണം ക്രെഡിറ്റ് കാര്‍ഡെടുക്കാന്‍. മാത്രമല്ല അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുകയുമില്ല. സാമ്പത്തികനിലവാരവും ക്രെഡിറ്റ് സ്‌കോറും പരിശോധിച്ചു മാത്രമായിരിക്കും ബാങ്കില്‍ നിന്നും കാര്‍ഡ് അനുവദിച്ചു കിട്ടുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ക്രെഡിറ്റ് ലിമിറ്റ്: നിങ്ങളുടെ പക്കലുള്ള കാര്‍ഡുവെച്ച് ഉപയോഗിക്കാവുന്ന പരമാവധി തുകയാണ് ക്രെഡിറ്റ് ലിമിറ്റ്.
ക്യാഷ് ലിമിറ്റ്: ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് ക്യാഷ് ലിമിറ്റ്.
ആനുവല്‍ ഫീസ്: ചില സ്‌കീമിലുള്ള കാര്‍ഡുകള്‍ക്ക് വര്‍ഷം നിശ്ചിത തുക ബാങ്കിങ് സേവനങ്ങള്‍ക്ക് അടയ്‌ക്കേണ്ടിവരും.
ഗ്രേസ് പിരീഡ്: ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ചെലവാക്കുന്ന തുക ബാങ്ക് നിശ്ചയിച്ചയിച്ചിട്ടുള്ള ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ പലിശ നല്‍കേണ്ടതില്ല.

പലിശ നിരക്ക്: ഗ്രേസ് പീരിയഡിനുള്ളില്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ എത്ര ശതമാനം പലിശ ഒടുക്കേണ്ടി വരുമെന്നത് ശ്രദ്ധിച്ചിരിക്കണം. മറ്റ് ലോണുകളുടെ പലിശനിരക്കിനേക്കാള്‍ ഏറെ ഉയര്‍ന്ന പലിശാനിരക്കാണ് എപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈടാക്കാുന്നത്.
ക്യാഷ് അഡ്വാന്‍സ് ഫീസ്: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എത്ര രൂപ ട്രാന്‍സാക്ഷന്‍ ഫീസായി നല്‍കേണ്ടി വരും എന്നത് ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണമെടുക്കരുത്

സാധനങ്ങള്‍ വാങ്ങുന്നതു പോലല്ല ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത്. കാര്‍ഡുപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക്, ആ പണം തിരിച്ചടയ്ക്കുന്നതിന് 20 മുതല്‍ 50 ദിവസം വരെ പലിശരഹിത കാലാവധി ലഭിക്കും.എന്നാല്‍, പണം പിന്‍വലിക്കുന്നതിന് പലിശരഹിത കാലാവധി ബാധകമല്ല. പണമെടുക്കുന്ന നിമിഷം മുതലുള്ള പലിശയാണ് ഈടാക്കുന്നത്.

important advises for credit card users, nov. 19 2019

ക്രെഡിറ്റ് പരിധി ലംഘിക്കരുത്

ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് നടത്താവുന്ന ഇടപാടുകള്‍ക്ക് കാര്‍ഡുകളുടെ സ്‌കീം അനുസരിച്ച് പരിധികള്‍ ബാങ്ക് നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധിക്കപ്പുറം ഇടപാട് നടത്താന്‍ കഴിയില്ലെങ്കിലും തിരിച്ചടവുകള്‍ കൃത്യമാണെങ്കില്‍ ചില ബാങ്കുകള്‍ ഇടപാടുകാരന് പരിധിക്കപ്പുറം പണം ഉപയോഗിക്കാന്‍ അനുമതി നല്‍കും. എന്നാല്‍, പരിധിക്ക് മുകളില്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ഇടപാട് നടത്തുന്ന അന്നുമുതല്‍ പലിശ ഈടാക്കും.

മിനിമം പേയ്‌മെന്റ് മതിയാവില്ല

എത്ര രൂപ അടച്ചാലാണ് പിഴയൊഴിവാകുന്നത് എന്നതാണ് മിനിമം പേയ്‌മെന്റ്. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ മിനിമം പെയ്‌മെന്റ് അടച്ചില്ലെങ്കില്‍ പിഴയുണ്ടാവുന്നതിന് പുറമെ പലിശനിരക്കിലും മാറ്റം വരും. ഉയര്‍ന്ന നിരക്കിലുള്ള പലിശ നല്‍കേണ്ടിവരും. പലിശനിരക്ക് കൃത്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ഇവിടെ അബദ്ധം പിണയാന്‍ സാധ്യതയുണ്ട്. മിനിമം പെയ്‌മെന്റ് അടച്ചത് കൊണ്ടു മാത്രം പലിശ ഒഴിവാകില്ല. മുഴുവന്‍ തുക അടച്ചാല്‍ മാത്രമേ പലിശയില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റൂ. മുഴുവന്‍ തുകയടച്ചില്ലെങ്കില്‍ അതിനുശേഷം നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും പലിശ നല്‍കേണ്ടിവരും. ഇങ്ങനെ ഓരോ മാസവും പലിശനിരക്ക് കൂടി ലക്ഷങ്ങള്‍ ആയിക്കഴിയുമ്പോഴാണ് പലപ്പോഴും അബദ്ധം പിണഞ്ഞത് മനസ്സിലാകുന്നത്. ഇവിടെയാണ് ബാലന്‍സ് ട്രാന്‍സ്ഫറും ഇഎംഐയും രക്ഷയ്‌ക്കെത്തുന്നത്.

എന്താണ് ബാലന്‍സ് ട്രാന്‍സ്ഫര്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ച പണം സമയത്ത് തിരിച്ചടയ്ക്കാതെ നിങ്ങള്‍ക്ക് വലിയ കടക്കെണി ഉണ്ടായെന്ന് സങ്കല്‍പ്പിക്കുക. ഈ സമയത്താണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഏറ്റവും ഉപകാരപ്രദമാവുക. പലിശയും അതിന് മുകളില്‍ പലിശയുമെല്ലാമായി നിങ്ങള്‍ക്ക് ഒരു ക്രഡിറ്റ് കാര്‍ഡ് വഴി ബാങ്കിലേക്ക് തിരിച്ചടക്കേണ്ട തുക രണ്ട് ലക്ഷമോ, മൂന്ന് ലക്ഷമോ ആയെന്ന് കരുതുക. മറ്റൊരു ബാങ്കിന്‌റെ ക്രെഡിറ്റ് കാര്‍ഡിലേക്ക് ഈ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനാകും. ഈ ബാങ്കില്‍ രണ്ടോ മൂന്നോ മാസത്തെ കാലതാമസം തുക അടച്ചുതീര്‍ക്കാന്‍ ലഭിക്കുകയും ചെയ്യും.

ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുകയുടെ രണ്ട് ശതമാനമോ 199 രൂപയോ ഏതാണോ കൂടുതല്‍, അത് പുതിയ ബാങ്ക് പ്രൊസസിംഗ് ഫീസായി വാങ്ങും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ക്രെഡിറ്റ് പരിധിയാണ് പുതിയ ബാങ്കാകും തീരുമാനിക്കുക. രണ്ട് ലക്ഷമാണ് നിങ്ങളുടെ കടം എന്നിരിക്കിട്ടെ, പുതിയ ബാങ്ക് 1.5 ലക്ഷമാണ് ക്രെഡിറ്റ് പരിധി നിശ്ചയിച്ചിരിക്കുന്നത് എങ്കില്‍ തുക മാറ്റാന്‍ സാധിക്കില്ല. ഇതിന് പുറമെ, കടത്തിന്‌റെ 75 ശതമാനം മാത്രം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സമ്മതിക്കുന്ന ബാങ്കുകളും ഉണ്ട്. പുതിയ ബാങ്കില്‍ തിരിച്ചടവ് തീയതി കഴിഞ്ഞാല്‍ എത്ര പലിശ ഈടാക്കുമെന്നത് മുന്‍കൂട്ടി വ്യക്തമായി മനസിലാക്കിയിരിക്കണം.

important advises for credit card users, nov. 19 2019

ഇഎംഐ സൗകര്യം എങ്ങിനെ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചിലവഴിച്ച തുക ഒറ്റത്തവണയായി തിരിച്ചടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇഎംഐ സൗകര്യവും ലഭ്യമാണ്. 2500 രൂപയ്ക്ക് മുകളിലുള്ള ഏത് തുകയും തവണകളായി തിരിച്ചടക്കാനാവും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ വരുന്ന തീയതിക്ക് മുന്‍പ് തിരിച്ചടവ് ഇഎംഐ ആയി മാറ്റാനാവും. ബാങ്ക് നിശ്ചയിക്കുന്ന പലിശ നിരക്കില്‍ മൂന്ന് മാസം, ആറ് മാസം, ഒന്‍പത് മാസം, 12 മാസം, 24 മാസം എന്നീ കാലയളവില്‍ തുക തിരിച്ചടക്കാനുള്ള സൗകര്യം ബാങ്കുകള്‍ അനുവദിക്കാറുണ്ട്.

കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വേണ്ട

കീശ അറിഞ്ഞ് വേണം ചിലവാക്കാന്‍ എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ മനസില്‍ വയ്ക്കുന്നത് നന്നായിരിക്കും. മാസം തോറുമുള്ള സാമ്പത്തിക അച്ചടക്കത്തിന് ക്രെഡിറ്റ് കാര്‍ഡുകള്‍ വളരെയേറെ സഹായിക്കും. പക്ഷെ കിട്ടാവുന്ന ഇടത്തുനിന്നെല്ലാം ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങിയാല്‍ അത് വന്‍ കടക്കെണി മാത്രമല്ല സമ്മാനിക്കുക. ഭാവിയിലെ ബാങ്കിംഗ് ഇടപാടുകള്‍ക്കും വലിയ തിരിച്ചടി നേരിടും. കൃത്യമായി തിരിച്ചടക്കാന്‍ സാധിക്കുന്ന തുക മാത്രമേ ക്രെഡിറ്റ് കാര്‍ഡില്‍ ബാധ്യത വരുത്താന്‍ പാടുള്ളൂ ഒന്ന് സൂക്ഷിച്ചാല്‍ ഇത് ഏറ്റവും നല്ല ബാങ്കിംഗ് ടൂളുകളിലൊന്നാണെന്ന് അനുഭവത്തിലൂടെ അറിയാനാവും.

Latest Videos
Follow Us:
Download App:
  • android
  • ios