'എനിക്കുമുണ്ടായിരുന്നു, ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ദിനങ്ങൾ'; ജസ്റ്റിൻ ബീബർ
ഉള്ളിലുള്ളത് തുറന്ന് പറഞ്ഞാൽ അതിൽ നിന്നും മോചനം ലഭിക്കും. അങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവിച്ച വേദനയിൽ നിന്ന് തനിക്കും മോചനം നേടാമായിരുന്നുവെന്നും താരം പറഞ്ഞു.
ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് സമ്മർദ്ദങ്ങളെയും വിഷാദരോഗങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സെലിബ്രിറ്റികളുടെ ഇടയിൽ നിറയുന്നത്. നിരവധി പേർ തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ പറ്റി തുറന്നുപറഞ്ഞു. ഇപ്പോഴിതാ തനിക്കും അങ്ങനെയൊരു കാലം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് പോപ്പ് താരം ജസ്റ്റിൻ ബീബർ. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച നാളുകളെ കുറിച്ചാണ് ബീബർ പറഞ്ഞിരിക്കുന്നത്.
'ജസ്റ്റിൻ ബീബർ: നെക്സ്റ്റ് ചാപ്റ്റർ' എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. വേദനകൾ കടിച്ചമർത്തിയ കാലം, ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയെന്ന് ബീബർ പറയുന്നു. അതിൽ നിന്നും മറികടക്കുക കഠിനമായിരുന്നു. എങ്കിലും ആത്മബലം കൊണ്ട് അതിൽ നിന്നും പുറത്തുകടന്നുവെന്നും ജസ്റ്റിൻ ബീബർ പറയുന്നു.
ജീവിതം കൊടുങ്കാറ്റു പോലെയാകുമെന്ന് അറിയില്ലായിരുന്നു. ഇതിൽ കുടുങ്ങിക്കിടക്കുമോ എന്നും മനസ്സിലാകാത്ത അവസ്ഥ. എന്നാൽ ആത്മവിശ്വാസം കൈവിടാതെ അതെല്ലാം അതിജീവിച്ചു. ജീവിതത്തിൽ ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെടുകയാണെങ്കിൽ അത് മറ്റുള്ളവരുമായി തുറന്നു പറയണമെന്നും ബീബർ ആവശ്യപ്പെടുന്നു.
ഉള്ളിലുള്ളത് തുറന്ന് പറഞ്ഞാൽ അതിൽ നിന്നും മോചനം ലഭിക്കും. അങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവിച്ച വേദനയിൽ നിന്ന് തനിക്കും മോചനം നേടാമായിരുന്നുവെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ ഡോക്യുമെന്ററി റിലീസ് ചെയ്തത്.