'സമസ്തയുടെ അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നു', പിഎംഎ സലാമിനും കെഎം ഷാജിക്കും എതിരെ സമസ്ത നേതാവ്

മുസ്ലിംലീഗ് നേതൃത്വത്തിൽ നുഴഞ്ഞ് കയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അബ്ദുൾ ഹമീദിന്റെ വിമർശനം

Samastha leader Abdul Hameed Faizy Ambalakadavu againt K M Shaji and PMA salam

തിരുവനന്തപുരം:  പി എം എ സലാമിനും കെ എം ഷാജിക്കും എതിരെ സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ  കൊട്ടുന്നത് ഇവരുടെ മുഖ്യ തൊഴിലാണെന്നാണ് അബ്ദുൾ ഹമീദ് വിമർശിക്കുന്നത്.  സമസ്തയുടെ അധ്യക്ഷനെ നിരന്തരം ഇവർ വേട്ടയാടുന്നുവെന്നും സമസ്തയുടെ ആദർശത്തോട് ഇവർക്ക് അരിശമാണെന്നുമാണ് അബ്ദുൾ ഹമീദ് ആരോപിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിൽ നുഴഞ്ഞ് കയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അബ്ദുൾ ഹമീദിന്റെ വിമർശനം.

പാർട്ടിയിൽ വലിയ എതിർപ്പില്ലെന്ന് കണ്ടപ്പോൾ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണ്. ആര് ചതിപ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും  സംഭവിക്കില്ലെന്നും അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിശദീകരണവുമായി എത്തിയത്. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നുമാണ് പിഎംഎ സലാം വിശദീകരിക്കുന്നത്. പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്.

സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പരാമർശം. പരാമർശത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന. ഇതോടെയാണ് പിഎംഎ സലാം വിശദീകരണവുമായി രംഗത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios