ജി വി പ്രകാശിന്‍റെ സംഗീതം; 'അമരന്‍' വീഡിയോ സോംഗ് എത്തി
വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതി
ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരിക്കുകയാണ് ദീപാവലി റിലീസ് ആയെത്തിയ അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം മേജര്‍ മുകുന്ദ് വരദരാജന്‍റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കുന്ന ഒന്നാണ്. മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. 10 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാറിന്‍റേതാണ് സംഗീതം. കപില്‍ കപിലനും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, ആര്‍ മഹേന്ദ്രന്‍, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ പ്രമേയത്തിന്‍റെ പ്രത്യേകതയും വമ്പന്‍ ബാനറുകളുടെ ചിത്രമെന്നതുമടക്കം വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു അമരന് നല്‍കിയത്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നാവുമെന്നും റിലീസിന് മുന്‍പ് പ്രേക്ഷക പ്രതീക്ഷ ഉയര്‍ന്നിരുന്നു.
റിലീസ് ദിനം ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച ചിത്രമെന്ന് അഭിപ്രായം ഉയര്‍ന്നതോടെ ചിത്രം വലിയ ജനപ്രീതിയിലേക്ക് എത്തുകയായിരുന്നു. ശിവകാര്‍ത്തികേയന്‍റെ കരിയര്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന ചിത്രമായിരിക്കുകയാണ് അമരന്‍ ഇപ്പോള്‍. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന സിനിമാ തെരഞ്ഞെടുപ്പുകളെ ഈ ചിത്രം സ്വാധീനിക്കുമെന്ന് ഉറപ്പാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : ഇതാ, 'മെയ്യഴകനി'ലെ നമ്മള്‍ കാണാത്ത രംഗം; ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍