106 വയസിന്റെ ചെറുപ്പത്തിൽ ആറാമത്തെ പിയാനോ ആൽബം പുറത്തിറക്കാനൊരുങ്ങി കോലെറ്റ് മേസ്

"ഇതാണെന്റെ അന്നം. എന്റെ ആത്മാവിനു ഞാൻ നിത്യം വിളമ്പുന്ന അന്നം..." മേസ് മുത്തശ്ശി റോയിട്ടേഴ്സിനോട് പറഞ്ഞു. 

French grandma release sixth piano album at the age of 106

പിയാനോയുടെ കട്ടകൾക്കുമേൽ ആദ്യമായി വിരലമർത്തിയത് നാലാമത്തെ വയസ്സിലാണ് എന്നാണ് കോലെറ്റ് മേസിന്റെ ഓർമ്മ. തികഞ്ഞ അച്ചടക്കത്തോടെ, വാത്സല്യം ഒരു കഴഞ്ചു പോലും അധികം കിട്ടാതെ കഴിച്ചു കൂട്ടേണ്ടി വന്ന ബാല്യത്തെക്കുറിച്ചുള്ള ഒരേയൊരു മധുരോദാരമായ ഓർമ്മ കുഞ്ഞുന്നാള് തൊട്ടേ അഭ്യസിക്കാൻ കഴിഞ്ഞ പിയാനോവാദനത്തിന്റേതു മാത്രമാണ് എന്നവർ പറയുന്നു. മേസ് മുത്തശ്ശിക്ക് ഇന്ന് വയസ്സ് 106 കഴിഞ്ഞു. ഇന്നും, പാരീസിലെ സ്വന്തം അപ്പാർട്ട്മുമെന്റിലെ ഗ്രാൻഡ് പിയാനോയിൽ വിരലുകൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പതിപ്പിച്ച്, അവർ ഷൂമാനിൽ നിന്ന് ഡെബ്യൂസിയിലേക്കും, ചോപ്പിനിലേക്കും മോസർട്ടിലേക്കും ബിഥോവനിലേക്കും ഒക്കെ അനായാസം പാറിപ്പറന്നു നടക്കുമ്പോൾ, അതൊക്കെ എത്ര നിസ്സാരമായിട്ടാണ് അവർ സാധിക്കുന്നത് എന്ന അതിശയമാണ് കണ്ടുനിൽക്കുന്നവരുടെ മുഖത്ത്.

"ഇതാണെന്റെ അന്നം. എന്റെ ആത്മാവിനു ഞാൻ നിത്യം വിളമ്പുന്ന അന്നം..." മേസ് മുത്തശ്ശി റോയിട്ടേഴ്സിനോട് പറഞ്ഞു. 1914 -ൽ പാരീസിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് അവർ ജനിച്ചത്. വളം നിർമാണ ഫാക്ടറിയുടെ മാനേജരായിരുന്നു മേസിന്റെ അച്ഛൻ. വീട്ടമ്മയായ അമ്മയുടെ കർക്കശമായ പരിചരണത്തിലാണ്  മേസ് വളർന്നു വന്നത്. പാരിസിലെ വിശ്വപ്രസിദ്ധമായ ഏകോൾ നോർമാൽ ഡെ മുസിക്കെ എന്ന സംഗീതകലാലയത്തിൽ ചേർന്ന് പിയാനോ അഭ്യസിക്കാനുള്ള സൗഭാഗ്യം അവർക്കുണ്ടായി.  ദീർഘകാലം പാരീസിലെ ഒട്ടുമിക്ക ഓർക്കസ്ട്രകളിലും ഒരു അക്കമ്പനിസ്റ്റ് ആയി അവർ പ്രവർത്തിച്ചിട്ടുണ്ട്. 

പ്രായാധിക്യത്താൽ തന്റെ വിരലുകൾ മരവിച്ചു പോകാതിരിക്കാൻ വേണ്ടി മുടങ്ങാതെ യോഗയും, ഫിംഗർ ജിംനാസ്റ്റിക്‌സും ചെയ്യുന്നുണ്ട് മേസ്. തന്റെ ആറാമത്തെ പിയാനോ ആൽബത്തിന് സംഗീതം നൽകി റെക്കോർഡ് ചെയ്‌തു കഴിഞ്ഞു അവർ. കൊവിഡ് മഹാമാരി കാലത്ത് മനുഷ്യർ നിരാശയിലേക്ക് വഴുതിവീഴുന്ന കാലത്തും ആത്മധൈര്യം കൈവിടാതെ, പുതുപുത്തൻ പ്രതീക്ഷകളുമായി പുതിയൊരു സംഗീത ആൽബത്തെക്കുറിച്ച് ആലോചിക്കാൻ ഉത്സാഹിച്ച തന്റെ അമ്മ നാട്ടിലെ പലർക്കും വലിയ പ്രചോദനമാണ് പകർന്നിട്ടുള്ളത് എന്ന് മേസിന്റെ മകൻ ഫാബ്രിസ് മേസ് പറയുന്നു. ഈ നൂറ്റി ആറാം വയസ്സിലും സ്വന്തം ഇഷ്ടങ്ങളെ, താത്പര്യങ്ങളെ അത്ര തന്നെ ആസക്തിയോടെ പിന്തുടരാൻ കഴിയുക എന്നതും വല്ലാത്ത ഭാഗ്യം തന്നെയാണ് എന്നും മേസിന്റെ മകൻ പറഞ്ഞു. ജീവിത സായാഹ്നത്തിലും അമ്മ നിലനിർത്തുന്ന ഹ്യൂമർ സെൻസും, സന്തോഷവും, ജീവിതാസക്തിയും തന്നെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

 

Latest Videos
Follow Us:
Download App:
  • android
  • ios