പരിധികള്‍ ലംഘിച്ച് യുഎസ് -ചൈന വ്യാപാര യുദ്ധം; രൂപയ്ക്ക് വന്‍ ഭീഷണി
ജനുവരി ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും യുഎസ് അറിയിച്ചു. യുഎസിന്‍റെ നിലപാടുകള്‍ക്കുളള തിരിച്ചടിയായി ചൈന 6,000 കോടി ഡോളര്‍ മൂല്യമുളള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി പ്രഖ്യാപിച്ചു.
ദില്ലി: ഡോണാള്‍ഡ് ട്രംപിന്‍റെ പുതിയ ഉത്തരവിനെ ഞെട്ടലോടെയാണ് ലോകം കഴിഞ്ഞ ദിവസം കേട്ടിരുന്നത്. ചൈനയില്‍ നിന്നുളള ഇറക്കുമതി സാധനങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്താനായിരുന്നു യുഎസ് പ്രസിഡന്‍റ് ഉത്തരവ്. ഇതോടെ, യുഎസ് -ചൈന വ്യാപാര യുദ്ധം ഇനിയും കടുക്കുമെന്നുറപ്പായി. ഈ മാസം 24 മുതല്‍ പുതിയ നികുതി നടപ്പില്‍ വരും. ചൈനയില്‍ നിന്നുളള 20,000 കോടി ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി ബാധകമാകുക.
ജനുവരി ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും യുഎസ് അറിയിച്ചു. യുഎസിന്‍റെ നിലപാടുകള്‍ക്കുളള തിരിച്ചടിയായി ചൈന 6,000 കോടി ഡോളര്‍ മൂല്യമുളള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനവുമെത്തി.
കഴിഞ്ഞ ദിവസം യുഎസ്സിലേക്ക് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ അയ്ക്കാന്‍ ചൈന തീരുമാനിച്ചിരുന്നെങ്കിലും തീരുവ ഉയര്‍ത്താനുളള ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്ന് ഈ നീക്കം പിന്‍വലിച്ചു. ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് 2017 ല്‍ കയറ്റുമതി ചെയ്തത് 52,290 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു. എന്നാല്‍, യുഎസ്സില്‍ നിന്ന് ഇറക്കുമതി ചെയ്തത് 18,750 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു. ഇതോടെ യുഎസ് -ചൈന വ്യാപാര ബന്ധത്തിലെ വ്യാപാര കമ്മി 33,540 കോടി ഡോളറായി. ഈ ഉയര്‍ന്ന വ്യാപാര കമ്മിയാണ് അമേരിക്കയെ ചെടുപ്പിച്ചത്.
യുഎസ് -ചൈന വ്യാപാര യുദ്ധം പരിധികള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നതാണ് രൂപയുടെ മൂല്യം ക്രമാതീതമായി ഇടിയാന്‍ ഇടയാക്കുന്ന പ്രധാന കാരണം. സെപ്റ്റംബര്‍ 18 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 72.98 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വരെയെത്തിയിരുന്നു.