ഉത്തേജക പരിശോധനക്ക് സാംപിൾ നൽകിയില്ല, ബജ്രംഗ് പൂനിയയ്ക്ക് 4 വർഷ വിലക്ക്
മാർച്ച് 10ന് നടന്ന ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിനിടെയാണ് ബജ്രംഗ് ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചത്.
ദില്ലി: ഗുസ്തിതാരം ബജ്രംഗ് പൂനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നാലു വർഷത്തെ വിലക്കേർപ്പെടുത്തി. ഉത്തേജക പരിശോധനയ്ക്ക് സാംപിൾ നൽകാത്തതിനാണ് നടപടി. വിലക്ക് വന്നതോടെ മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകൻ ആകാനോ ബജ്രംഗിന് കഴിയില്ല. 2021ലെ ടോക്കിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ താരമാണ് ബജ്രംഗ് പൂനിയ.
മാർച്ച് 10ന് നടന്ന ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിനിടെയാണ് ബജ്രംഗ് ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചത്. മുന്‍കാല പ്രാബല്യത്തോടെ ഈ വര്‍ഷം ഏപ്രിൽ 23 മുതൽ 4 വർഷത്തേക്കാണ് വിലക്കേര്‍പ്പെടുപത്തിയിരിക്കുന്നത്. നേരത്തെ ബജ്രംഗിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നാഡയുടെ നടപടി. സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് ബ്രിജ്ഭൂഷണ്‍ സിംഗിനെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന്‍റെ നേതൃത്വത്തിലുണ്ടായതിനെതിരായ പ്രതികാര നടപടിയാണിതെന്നും ബജ്രംഗ് പൂനിയ നേരത്തെ ആരോപിച്ചിരുന്നു.
ഉത്തേജക പരിശോധനക്ക് മൂത്ര സാംപിള്‍ ശേഖരിക്കാനായി മുമ്പ് നല്‍കിയത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്നും ബജ്രംഗ് പൂനിയ നാഡക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂത്ര സാംപിള്‍ നല്‍കാതിരുന്നത് ബോധപൂര്‍വമാണെന്നും നാഡയിലുള്ള അവിശ്വാസം രേഖപ്പെടുത്തലാണെന്നും ഇതിനുള്ള മറുപടിയില്‍ നാഡ വ്യക്തമാക്കി.
ഹരിയാന നിയമസഭയിലേക്ക് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബജ്രംഗ് പൂനിയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബജ്രംഗിന് പാര്‍ട്ടി ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്‍റെ ചുമതല നൽകുകയും ചെയ്തിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക