സാമ്പത്തിക വര്‍ഷവും കലണ്ടര്‍ വര്‍ഷവും ഒന്നാകുമോ? രാജ്യം ആകാംക്ഷയില്‍
കലണ്ടര്‍ വര്‍ഷവും സാമ്പത്തിക വര്‍ഷവും ഏകീകരിക്കാന്‍ ബജറ്റ് പ്രഖ്യാപനം ഉണ്ടായാല്‍ നിലവില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം കലണ്ടര്‍ വര്‍ഷത്തിലേതിന് സമാനമായി ജനുവരി ഒന്നിന് ആരംഭിക്കും.
ദില്ലി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കുന്ന ബജറ്റില്‍ ആ വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാധാരണക്കാരും വ്യവസായികളും. സാമ്പത്തിക വര്‍ഷത്തിന്‍റെ പുനര്‍നിര്‍ണ്ണയമാണ് ആ പ്രഖ്യാപനം. സാമ്പത്തിക വര്‍ഷത്തിന്‍റെ പുനര്‍നിര്‍ണ്ണയം ഈ ബജറ്റിലുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
കലണ്ടര്‍ വര്‍ഷവും സാമ്പത്തിക വര്‍ഷവും ഏകീകരിക്കാന്‍ ബജറ്റ് പ്രഖ്യാപനം ഉണ്ടായാല്‍ നിലവില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം കലണ്ടര്‍ വര്‍ഷത്തിലേതിന് സമാനമായി ജനുവരി ഒന്നിന് ആരംഭിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം അടുത്ത വര്‍ഷം മാര്‍ച്ച് 31 നാണ് അവസാനിക്കുന്നത്.
ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കലണ്ടര്‍ വര്‍ഷം തന്നെയാണ് സാമ്പത്തിക വര്‍ഷവും. സമാന രീതിയിലാണ് 156 ഓളം രാജ്യങ്ങളും സാമ്പത്തിക വര്‍ഷം ക്രമപ്പെടുത്തിയിരിക്കുന്നത്.
കലണ്ടര്‍ വര്‍ഷം സാമ്പത്തിക വര്‍ഷമായി സ്വീകരിക്കണമെന്ന് 1984 ല്‍ എല്‍ കെ ത്സാ സമിതി നിര്‍ദ്ദേശിച്ചിരുന്നു. 2017 ഏപ്രിലില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് അനുകൂലമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇത് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്നാണ് അന്ന് മോദി നിര്‍ദ്ദേശിച്ചത്.