രൂപയുടെ മൂല്യത്തകര്‍ച്ച; പ്രധാന ഏഴ് കാരണങ്ങള്‍ ഇവ
ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിനോട് താല്‍പര്യം വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്
ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരായി ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണിപ്പോള്‍ വ്യാപാരം തുടരുന്നത്. ഡോളറിനെതിരായി രൂപയുടെ മൂല്യം ഇപ്പോള്‍ 71.37 എന്ന നിലയിലാണ്. രൂപയുടെ മൂല്യത്തില്‍ ഇന്ന് 16 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ വര്‍ഷം ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം തുടരുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി. ഇപ്പോള്‍ ഇതുവരെ രൂപയുടെ മൂല്യത്തില്‍ 11 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്താനുളള ഏഴ് പ്രധാന കാരണങ്ങള്‍ ഇവയാണ്.
1) ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിനോട് താല്‍പര്യം വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇപ്പോള്‍ ആക്കം കൂട്ടുന്നതിലെ പ്രധാന കാരണം.
2) അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്റെ വിലയിലുണ്ടാകുന്ന അമിതമായ വർദ്ധന (ക്രൂഡിന്റെ വില ഇന്നത്തെ വില 78.13 ഡോളറാണ് ! )
3) ചൈന- യുഎസ് വ്യാപാര യുദ്ധം പരിധികൾ ലംഘിക്കുന്നതാണ് രൂപയെ തളര്‍ത്തുന്ന മറ്റൊരു പ്രധാന കാരണം. ചൈന -യുഎസ് വ്യാപാര യുദ്ധം കടുത്തതോടെ നിക്ഷേപകർ ചൈനീസ് നാണയമായ യുവാൻ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികളിലെ നിക്ഷേപം സ്ഥിരതയുള്ള ഡോളറിലേക്ക് മാറ്റുന്നത് രൂപ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികളുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.
4) ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യം ഇടിയുന്നതും, തുര്‍ക്കി -അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളിലെ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സമവാക്യങ്ങളും രൂപയ്ക്ക് വെല്ലുവിളിയാണ്.
5) ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിടുന്ന തകര്‍ച്ചയും കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രണങ്ങളില്ലാതെ വര്‍ദ്ധിക്കുന്നതും രൂപയ്ക്ക് ഭീഷണിയാണ്.
6) ഇറാൻ, വെനസ്വല തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ള യുഎസിന്റെയും പ്രസിഡന്റ് ട്രംമ്പിന്റെയും ഉപരോധ നയതന്ത്ര നീക്കങ്ങൾ.
യുഎസിന്‍റെ ഉപരോധ ശ്രമങ്ങൾ കടുക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ എണ്ണ ലഭ്യത കുറയ്ക്കുകയും വിലകൂട്ടുകയും ചെയ്യുന്നുണ്ട്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ അമേരിക്കയുടെ ഉപരോധം ഇന്ത്യയ്ക്ക് ഭീഷണിയാണ്.
7) വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങൾ ഈ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യമിടിയുന്ന ഘട്ടത്തിൽ സുരക്ഷിതമല്ലെന്ന തോന്നലില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ് ഐ ഐ) ഡോളറിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ കാരണമാകുന്നത് രൂപ ഉള്‍പ്പെടെയുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയാണ്.