വരുമാന നഷ്ടമുണ്ടാവാതെ ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവുമെന്ന് എസ്ബിഐ
ഇന്ധനവില ഒരു ഡോളർ കൂടുമ്പോൾ 19 പ്രമുഖ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ശരാശരി അധികലാഭം 1513 കോടി രൂപയാണെന്ന് റിപ്പോർട്ട് പറയുന്നു
തിരുവനന്തപുരം: അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് അധിക നികുതി വരുമാനമുണ്ടാക്കുമെന്ന് എസ്ബിഐ ഗവേഷണ വിഭാഗം. ബജറ്റിൽ പെടാത്ത 22,702 കോടി രൂപയുടെ അധിക ലാഭമാണ് സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില വര്‍ദ്ധനവിലൂടെ ലഭിക്കുക. ഇതുമൂലം സംസ്ഥാനങ്ങൾക്ക് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്താനാകുമെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
ഇന്ധനവില ഒരു ഡോളർ കൂടുമ്പോൾ 19 പ്രമുഖ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ശരാശരി അധികലാഭം 1513 കോടി രൂപയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് സംസ്ഥാനങ്ങളുടെ കറന്‍റ് അക്കൗണ്ട് കമ്മി 0.15 മുതൽ 0.20 വരെ ശതമാനം വരെ കുറയ്ക്കും.
ഏറ്റവും ഉയര്‍ന്ന 39.12% വാറ്റ് ഈടാക്കുന്ന മഹാരാഷ്ട്രയ്ക്കാണ് കൂടുതൽ വില കുറയ്ക്കാൻ കഴിയുക. മഹാരാഷ്ട്രയ്ക്ക് നാല് രൂപ വരെ കുറയ്ക്കാനാവും. നിലവിൽ സംസ്ഥാനത്ത് പെട്രോൾ വില ലിറ്റിന് 90 കടന്നിട്ടുണ്ട്.
കേരളത്തിന് കഴിഞ്ഞ വർഷത്തേക്കാൾ 908 കോടിയുടെ അധിക വരുമാനമാണ് വിലക്കയറ്റം കൊണ്ടുണ്ടാവുകയെന്നാണ് കണക്ക്. ഇതനുസരിച്ചു പെട്രോൾ വിലയിൽ 3.3 രൂപയും ഡീസൽ വിലയിൽ 2.6 രൂപയും കുറയ്ക്കാനാകും എന്നും റിപ്പോർട്ടിൽ പറയുന്നു.