എസ്ബിഐ എന്നാല്‍ ഇനിമുതല്‍ 'ചെറിയ'വരുടെയും ബാങ്ക്
എസ്ബിഐയുടെ കസ്റ്റമേഴ്സാവുന്നവരില്‍ അധികവും യുവാക്കളാണ്. തങ്ങളുടെ യോനോ അക്കൗണ്ടിലെ ഓഫറുകളാണ് യുവാക്കളെ എസ്ബിഐയിലേക്ക് ആകര്‍ഷിക്കുന്നതെന്നും രജനീഷ് കുമാര്‍ പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷവും കൂടുതല്‍ ചെറുകിട ലോണുകള്‍ നല്‍കി നല്‍കി ബിസിനസ് വിപുലീകരിക്കാനൊരുങ്ങുകയാണ് എസ്ബിഐ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ ബാങ്കിന്‍റെ പുതിയ ബിസിനസ് പ്ലാനിനെപ്പറ്റി സൂചന നല്‍കിയത്. റിസ്ക് കുറവുളള ചെറുകിട ലോണുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷവും കൂടുതല്‍ പ്രാധാന്യം കൊടുക്കാനാണ് ബാങ്ക് പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂലധന വിപുലീകരണത്തിന്‍റെ ഭാഗമായി എസ്ബിഐയുടെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലെ 3.9 ശതമാനം ഓഹരികളും എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിലെ നാല് ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ ബാങ്ക് പദ്ധതിയിടുന്നതായി ചെയര്‍മാന്‍ അറിയിച്ചു.
യുവാക്കളുടെ സ്വന്തം എസ്ബിഐ
ഒരു ദിവസം 60,000 സേവിങ്സ് അക്കൗണ്ടുകള്‍ എസ്ബിഐ തുറക്കുമ്പോള്‍, അതില്‍ 25,000 അക്കൗണ്ടുകളും എസ്ബിഐയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് തുറക്കുന്നത്. ഓണ്‍ലൈനിലൂടെ എസ്ബിഐയുടെ കസ്റ്റമേഴ്സാവുന്നവരില്‍ അധികവും യുവാക്കളാണ്. തങ്ങളുടെ യോനോ അക്കൗണ്ടിലെ ഓഫറുകളാണ് യുവാക്കളെ എസ്ബിഐയിലേക്ക് ആകര്‍ഷിക്കുന്നതെന്നും രജനീഷ് കുമാര്‍ പറഞ്ഞു.
എസ്ബിഐയുടെ 17.4 കോടി ഉപഭോക്താക്കള്‍ 18 നും 35 നും ഇടയില്‍ പ്രായമുളളവരാണ്. ഏകദേശം 13 കോടി ഉപഭേക്താക്കള്‍ 33 നും 55 നും ഇടയില്‍ പ്രായമുളളവരുമാണ്. 55 വയസ്സിന് മുകളില്‍ പ്രായമുളള ഒന്‍പത് കോടി കസ്റ്റേമേഴ്സുമാണ് ബാങ്കിനുളളത്. അതായത് ബാങ്കിന്‍റെ 41 ശതമാനം കസ്റ്റമേഴ്സും 35 വയസ്സില്‍ താഴെ പ്രായമുളളവരാണ്. യുവാക്കള്‍ക്കിടയില്‍ എസ്ബിഐ ശക്തിപ്പെടുന്നതിന്‍റെ ശുഭ സൂചനകളായാണ് യുവ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാവുന്ന വളര്‍ച്ചയെ ബാങ്ക് കണക്കാക്കുന്നത്. എസ്ബിഐയുടെ യോനോ അക്കൗണ്ടുകള്‍ ഒരു ഡിജിറ്റല്‍ ഉല്‍പ്പന്നമാണെന്നും ബാങ്ക് യോനോയില്‍ സിറോ ബാലന്‍സ് ഓപ്ഷന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ബിഐയുടെ ഉന്നത മാനേജ്മെന്‍റ് ശക്തം
എസ്ബിഐയുടെ ഉന്നത പദവികളിലുളളവരില്‍ ചിലര്‍ മറ്റ് ബാങ്കുകളിലേക്ക് മാറിയത് സ്റ്റേറ്റ് ബാങ്കില്‍ യാതൊരു വിധമായ ഭരണപ്രതിസന്ധിയും സൃഷ്ടിച്ചിട്ടില്ലെന്നും രജനീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. എന്‍ട്രി ലെവലില്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കില്‍ റിക്രൂട്ട്മെന്‍റ് നടക്കുന്നത്. ബാങ്കിലുണ്ടായിരുന്ന 13,000 ഒഴിവുകളിലേക്ക് 8,000 ക്ലാര്‍ക്കുകളെയും 2,000 പ്രോബേഷനറി ഓഫീസര്‍മാരെയും നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
ഹോം ലോണുകളിലെ പലിശാ വര്‍ദ്ധന
ഹോം ലോണുകളിലെ പലിശാ നിരക്കുകള്‍ 20 ബേസ് പോയിന്‍റ്സ് ഉയര്‍ത്തിയത് ആര്‍ബിഐ പലിശാ നിരക്കുകളില്‍ മാറ്റം വരുത്തിയത് മൂലമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.