എസ്‌ബിടി എസ്ബിഐ ആകുന്നു; ലയനത്തിന് ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിസേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. ലയന നടപടികള്‍ക്ക് അസോസിയേറ്റ് ബാങ്കുകളുടെ ബോര്‍ഡുകള്‍ അംഗീകാരം നല്‍കി. എസ്ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് വൈകാതെ ഇതിന് അംഗീകാരം നല്‍കും.
ലനയം പൂര്‍ത്തിയാകുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതാകും. പകരം, എല്ലാ ശാഖകളും എസ്ബിഐ ആകും. എസ്ബിടിയെ കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിക്കും.
2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍ എന്നിവ എസ്ബിഐയില്‍ ലയിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ ലയനമാണ് ഇനി നടക്കാന്‍പോകുന്നത്.
എസ്ബിടിയില്‍ എസ്ബിഐയ്ക്ക് 78.91 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാങ്കിങ് മേഖലയിലെ ആഗോള മത്സരങ്ങളോടു കിടപിടിക്കുന്നതിന് വന്‍കിട ബാങ്കുകള്‍ രൂപീകരിക്കണമെന്നും എസ്ബിഐയിലെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ ഗണത്തില്‍ എത്തിക്കുന്നതിനാണു ലയനമെന്നുമാണു വിശദീകരണം. ലയന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ എസ്ബിഐ 37 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റുള്ള ബാങ്ക് ആകും. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഐസിഐസിഐ ബാങ്കിന്റെ അഞ്ച് ഇരട്ടി വലിപ്പം എസ്ബിഐ നേടും. 7.2 ലക്ഷം കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ്.