രൂപയുടെ മൂല്യം ഇനിയും താഴുമെന്ന് റിപ്പോര്‍ട്ട്
രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ദില്ലി: ചൊവ്വാഴ്ച 36 പൈസ കൂടി ഇടിഞ്ഞ് 71.57ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് രൂപക്കുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വാണിജ്യ തർക്കങ്ങളുയർത്തുന്ന ആശങ്കയും ക്രൂഡ് ഓയിൽ വില വർധനയുമാണ് ഇന്ത്യൻ നാണയത്തിനെതിരെ ഡോളർ ശക്തിയാർജിക്കാൻ കാരണം.
അതിനിടെ, രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇത്തരം സാഹചര്യത്തിൽ പതിവായി ചെയ്യുന്നതുപോലെ പലിശനിരക്ക് കൂട്ടി മൂല്യത്തകർച്ച പിടിച്ചുനിർത്താനായിരിക്കും ആര്‍ബിഐ ശ്രമിക്കുകയെന്നും ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ എണ്ണ ഇറക്കുമതിക്ക് കൂടുതൽ പണം വേണ്ടിവരുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയിലും വർധനയുണ്ടാക്കും. മറ്റ് എല്ലാ ഇറക്കുമതിക്കും സാധാരണയിൽ കവിഞ്ഞ പണം ചെലവിടേണ്ടിവരുന്നതും രൂപയെ സമ്മർദത്തിലാക്കുന്ന ഘടകമാണ്. അതേസമയം, രൂപയുടെ തകർച്ചക്ക് കാരണം സർക്കാർ നിയന്ത്രണത്തിലല്ലാത്ത അന്താരാഷ്ട്ര ഘടകങ്ങളായതിനാൽ സർക്കാറിന് കാര്യമായൊന്നു ചെയ്യാൻ സാധിക്കില്ലെന്ന് ധനമന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
ധനക്കമ്മി 3.3 ശതമാനമെന്നത് ഭേദിച്ചാൽ ആശങ്കജനകമായ സാഹചര്യമുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.