ധനമന്ത്രിയായി പിയുഷ് ഗോയല്‍ ജോലി തുടങ്ങി, വെല്ലുവിളികളും പ്രതീക്ഷകളും

  • പിയുഷ് ഗോയല്‍ താല്‍ക്കാലികമായി കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റു 
  • പിയുഷ് ഗോയല്‍ മോദിയുടെ പ്രോബ്ലം സോള്‍വര്‍
  •  11 പൊതുമേഖല ബാങ്കിങ് ഭീമന്മാരുമായി യോഗം നടന്നു
pyush goyal take chair of finance minister and the problems may face

ഇന്ത്യന്‍ ബാങ്കിംഗ് രംഗം കടന്നുപോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും ദുര്‍ഘടമായ അവസ്ഥയിലൂടെയാണ്. കിട്ടാക്കടവും, എടിഎം പ്രതിസന്ധിയുമടക്കം നിരവധിയാണ് ഇന്ത്യന്‍ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. ഈ അവസ്ഥയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട് അവധിയെടുക്കേണ്ടി വന്നത്.

കുറച്ചുകാലത്തേക്കാണെങ്കിലും അരുണ്‍ ജെയ്റ്റിലിക്ക് പകരം ആരാവും ധനമന്ത്രാലയത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുക്കുകയെന്ന ചര്‍ച്ചകളുടെ ഫലമാണ് പിയുഷ് ഗോയല്‍. മോദി മന്ത്രിസഭയിലെ 'പ്രോബ്ലം സോള്‍വര്‍' എന്ന പ്രതിച്ഛായയുളള മന്ത്രിയാണ് പിയുഷ് ഗോയല്‍. ഏറ്റെടുത്ത പദവികളിലെല്ലാം മുന്‍ഗാമികളെക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മന്ത്രിയാണിദ്ദേഹം. ഊര്‍ജ്ജ മന്ത്രിയായിരുന്ന അദ്ദേഹത്തിന് പിന്നീട് വകുപ്പ് മാറ്റത്തിലൂടെ റെയില്‍വേ മന്ത്രാലയത്തിന്‍റെ ചുമതല നല്‍കുകയായിരിക്കുകയാണ്. കല്‍ക്കരി മന്ത്രാലയത്തിന്‍റെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ട്.

ധനമന്ത്രാലയത്തിന്‍റെ ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞയാഴ്ച്ച ബാങ്കര്‍മാരുമായി ഗോയല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ പ്രശ്‌നമായ അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒന്‍പത് ലക്ഷം കോടി രൂപ കടന്നതായാണ് കണക്കുകള്‍. മൊത്തം വായ്പയുടെ 20.41 ശതമാനം കിട്ടാക്കടമായി മാറി. 2017 ഡിസംബര്‍ 31 വരെയുളള കണക്കുകള്‍ പ്രകാരം വാണിജ്യ ബാങ്കുകളുടെ മാത്രം നിഷ്‌ക്രിയാസ്തി 6,09,222 കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയ ആസ്തിയുളളത്.

11 പൊതുമേഖല ബാങ്കിങ് ഭീമന്മാരുമായി നടന്ന യോഗ ശേഷം ബാങ്കിങ് മേഖലയില്‍ കുതിപ്പുണ്ടാവുമെന്നാണ് ഗോയല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നിഷ്‌ക്രിയ ആസ്തിയെക്കാള്‍ ഗോയലിന് തലവേദനയുണ്ടാക്കുക നിരവ് മോദി, വിജയ് മല്യതുടങ്ങിയവര്‍ തകര്‍ത്ത ബാങ്കുകളുടെ സാമൂഹ്യ വിശ്വാസീയത വീണ്ടെടുക്കലും. ആര്‍ബിഐ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തിരുത്തല്‍ നടപടികളില്‍ പതറിനില്‍ക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ സുഗമമായി നടത്തുന്നതിനാശ്യമായ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുകയുമാണ്. കിട്ടാക്കടങ്ങളെ സംബന്ധിച്ച എല്ലാ നടപടികളും തിരുത്തല്‍ നടപടികളുടെ ഭാഗമായി ആര്‍ബിഐ നിരീക്ഷിച്ചു വരുകയാണ്.

ഇത്തരം വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ട് വേണം പിയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ ചുമതല ചെറിയ കാലത്തേക്കാണെങ്കിലും വഹിക്കാന്‍. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരാന്‍ ബാങ്കുകളുടെ മുകളില്‍ ഏത് തരം സമ്മര്‍ദ്ദ തന്ത്രമാവും പുതിയ ധനമന്ത്രി പ്രയോഗിക്കുക എന്ന് കാത്തിരിക്കുകയാണ് ഇന്ത്യ. ചെറുകിട -ഇടത്തരം- സൂഷ്മ സംരംഭങ്ങളുടെ പുരോഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വായ്പ ആനുകൂല്യങ്ങളും (മുദ്ര വായ്പ) മറ്റ് സാമ്പത്തിക സഹായ പദ്ധതികളുടെയും സുഗമമായ നടത്തിപ്പും ഗോയലിന് വെല്ലുവിളിയാവും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ധനമന്ത്രിയുടെ ഓരോ ദിവസങ്ങളും ജനങ്ങള്‍ സൂഷ്മതയോടെ ആയിരിക്കും നിരീക്ഷിക്കുക. 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമം തുടരുകയാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് പോലെയുളളവയില്‍ ഗോയല്‍ ഏതെങ്കിലും തരത്തിലുളള പുതിയ ഇടപെടലുകളോ അഭിപ്രായപ്രകടനങ്ങളോ നടത്തിയാല്‍ അത് ശ്രദ്ധേയമാവും. ഈ ആവശ്യമുന്നയിച്ച് കര്‍ഷകസമരങ്ങള്‍ ഇക്കാലയിളവില്‍ ഉയര്‍ന്നുവന്നാല്‍ ഗോയലിന് അത് വെല്ലുവിളിയാവും. എന്നാല്‍ നല്ല തീരുമാനങ്ങളെടുത്ത് സര്‍ക്കാരിനെ ശക്തിപ്പെടുത്തിയാല്‍ പിയുഷ് ഗോയലിന്‍റെ 'പ്രോബ്ലം സോള്‍വര്‍' കിരീടത്തില്‍ അത് പൊന്‍തൂവലാവും.     

Latest Videos
Follow Us:
Download App:
  • android
  • ios