പ്രധാനമന്ത്രിയുടെ സാമ്പത്തിക അവലോകന യോഗത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് രാജ്യം
സാമ്പത്തിക മാന്ദ്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തി
ദില്ലി: രാജ്യം കടന്നുപോകുന്ന ഗുരുതര സമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശനിയാഴ്ച്ച പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സാമ്പത്തിക അവലോകന യോഗം ചേരും. ഇതിന് മുന്നോടിയായി സാമ്പത്തിക മാന്ദ്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയും ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തി.
പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകളെ കുറിച്ചും പ്രത്യേക സാമ്പത്തിക അവലോകന യോഗത്തില്‍ ചർച്ച ചെയ്യാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ തീരുമാനമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ, സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് എന്നിവരും വെള്ളിയാഴ്ച മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രൂപയുടെ മൂല്യത്തകർച്ചയും ഇന്ധന വില വര്‍ദ്ധനയും കറന്‍റ് അക്കൗണ്ട് കമ്മിയും അവലോകന യോഗത്തില്‍ ചര്‍ച്ചയാവും.
രൂപയുടെ മൂല്യം നിരന്തരം ഇടിയുകയാണ്. ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.91 രൂപ എന്ന നിലയിലേക്ക് വരെ ഇടിഞ്ഞിരുന്നു. ശനിയാഴ്ച്ചത്തെ അവലോകന യോഗത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം വീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും ഇന്ധന വില നിയന്ത്രിക്കാനും യോഗത്തോടെ ശക്തമായ ഇടപെടലുണ്ടായേക്കുമെന്നാണ് വിപണി നിരീക്ഷരുടെ പക്ഷം