കടല്‍ കടക്കാനൊരുങ്ങി പേടിഎം; എയര്‍ടെല്ലിനെയും റിലയന്‍സിനെയും പിന്നിലാക്കി വിജയ് ശേഖര്‍ ശര്‍മ്മ
- വിദേശ വിനിമയം (ഫോറിന്‍ എക്സ്ചെയ്ഞ്ച്) രംഗത്തേക്ക് ചുവടുവയ്ക്കാന്‍ പോവുകയാണ് ഇനി പേടിഎം
- ക്രോസ് ബോര്‍ഡര്‍ ട്രാന്‍സാക്ഷന്‍സ് സേവനങ്ങളും ലഭിക്കും
- എയര്‍ടെല്ലും ജിയോ പേയ്മെന്‍റ് ബാങ്കുമാണ് പേടിഎമ്മിന്‍റെ എതിരാളികള്‍
ദില്ലി: സേവിംഗ്‍സ് ബാങ്ക്, വെല്‍ത്ത് മാനേജ്മെന്‍റ് എന്നിവയിലേക്ക് കുറഞ്ഞകാലത്തിനുളളില്‍ കുതിച്ചുചാട്ടം നടത്തിയ പേടിഎം വീണ്ടും ബിസിനസ്സ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. വിദേശ വിനിമയം (ഫോറിന്‍ എക്സ്ചെയ്ഞ്ച്) രംഗത്തേക്ക് ചുവടുവയ്ക്കാന്‍ പോവുകയാണ് ഇനി പേടിഎം.
ഇതിനായി റിസര്‍വ് ബാങ്കില്‍ നിന്ന് പേടിഎം ലൈസന്‍സ് എടുത്തുകഴിഞ്ഞു. വിദേശ വിനിമയത്തിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കുളള ഉയര്‍ന്ന തുക കൈമാറാനുപകരിക്കുന്ന ക്രോസ് ബോര്‍ഡര്‍ ട്രാന്‍സാക്ഷന്‍സും നടത്താനുളള എ.ഡി. വിഭാഗം രണ്ടില്‍ പെടുന്ന ലൈസന്‍സാണ് പേടിഎം സമ്പാദിച്ചിരിക്കുന്നത്. ഇതോടെ ഇത്തരം സേവനങ്ങളും പേടിഎമ്മില്‍ നിന്ന് തുടര്‍ന്ന് ലഭ്യമാവും.
ഡിജിറ്റല്‍ വാലറ്റ് രംഗത്തെ ഇന്ത്യന്‍ ഭീമനായ പേടിഎം വാര്‍ത്തകളിലേക്കുയര്‍ന്ന് വരുന്നത് നോട്ട് നിരോധനത്തെ തുടര്‍ന്നാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മ സ്വീകരിച്ച തന്ത്രങ്ങളാണ് പേടിഎമ്മിനെ ഉയരങ്ങളുടെ കൊടുമുടിയിലേക്കെടുത്തുയര്‍ത്തിയത്. വിദേശ വിനിമയ രംഗത്തേക്ക് ചുവട് വയ്ക്കുന്നതോടെ എതിരാളികളെക്കാള്‍ വീണ്ടും ഒരു ചുവട് മുന്നിലെത്തിയിരിക്കുകയാണ് പേടിഎമ്മും വിജയ് ശേഖര്‍ ശര്‍മ്മയും. എയര്‍ടെല്ലും ജിയോ പേയ്മെന്‍റ് ബാങ്കുമാണ് പേടിഎമ്മിന്‍റെ എതിരാളികള്‍.