സംസ്ഥാനത്ത് പേപ്പര്‍ ക്ഷാമം രൂക്ഷം; പ്രതിസന്ധിയിലായി പ്രസ്സുകള്‍
സംസ്ഥാനത്തെ പ്രിന്‍റിങ് പ്രസ്സുകളിൽ ഏറ്റവുമധികം ഉപയോഗം വരുന്ന 50 ജിഎസ്എം പേപ്പറിനാണ് വിലക്കയറ്റം.
തിരുവനന്തപുരം: പേപ്പറുകളുടെ ക്ഷാമവും, വില വർദ്ധനയും കാരണം സംസ്ഥാനത്തെ പ്രിന്‍റിങ് പ്രസ്സുകൾ പ്രതിസന്ധിയിലായി. മുപ്പത് ശതമാനം വരെയാണ് പേപ്പറുകൾക്ക് വില കൂടിയത്.
സംസ്ഥാനത്തെ പ്രിന്‍റിങ് പ്രസ്സുകളിൽ ഏറ്റവുമധികം ഉപയോഗം വരുന്ന 50 ജിഎസ്എം പേപ്പറിനാണ് വിലക്കയറ്റം. ഒരു കെട്ടിന്റെ വില 130 രൂപയിൽ നിന്ന് 160 ആയി ഉയര്‍ന്നു. 500 ഷീറ്റ് വരെ വരുന്ന ഒരു പേപ്പർ റീമിന് വില 100 രൂപ കൂടി 600 ആയി.
സംസ്ഥാനത്തെ പ്രസുകൾ തമിഴ്നാട്ടിലേയും ആന്ധ്രയിലേയും മില്ലുകളെയാണ് പേപ്പറിനായി ആശ്രയിക്കുന്നത്. ഉല്‍പ്പാദന ചെലവ് കൂടിയതോടെ ഇതരസംസ്ഥാന മില്ലുകൾ വില കൂട്ടുന്നത് പതിവാക്കി. വിലക്കുറവുളള പേപ്പറുകളുടെ ഉത്പാദനവും കുറച്ചു. ഇതോടെ സംസ്ഥാനത്തെ രണ്ടായിരത്തിലധികം വരുന്ന ചെറുകിട പ്രിന്‍റിങ് പ്രസ്സുകളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പതിനയ്യായിരത്തിലധികം പേർ ജോലിചെയ്യുന്ന തൊഴിൽ മേഖലയാണിത്.