കേന്ദ്ര സര്‍ക്കാറിന് ആശ്വാസം; 13 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക റേറ്റിങ് ഉയര്‍ന്നു

Moodys Upgrades India Rating After 13 Years Betting On PM Modis Reforms

ദില്ലി: സാമ്പത്തിക രംഗത്തെ പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തി. 13 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് ഉയരുന്നത്. റേറ്റിങ് ഇന്ത്യയിലെ സംശയാലുക്കൾക്കുള്ള മറുപടിയാണിതെന്ന് ധനമന്ത്രി അരുൺജെയ്റ്റ്‍ലി പറഞ്ഞു.
 
പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ബി.എ.എ3ൽ നിന്ന് ബി.എ.എ2ലേക്കാണ് ഉയർത്തിയത്. പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ ഒമ്പതാം റേറ്റിംഗ് തലത്തിലേക്ക് ഉയർന്നു. 13 വർഷത്തിനു ശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്. ജി.എസ്.ടി നടപ്പാക്കിയതും ആധാർ പരിഷ്ക്കരണ നീക്കങ്ങളും വരുമാനം കൂട്ടുമെന്നാണ് മൂഡീസ് കരുതുന്നത്. റേറ്റിങ് ഉയരുന്നത് സർക്കാരിനും ഇന്ത്യൻ കമ്പനികൾക്കും കുറഞ്ഞ നിരക്കിൽ വിദേശ ഏജൻസികളുടെ വായ്പ ലഭ്യമാകാനും വിദേശനിക്ഷേപം കൂടാനും സഹായിക്കും. ഘടനാപരമായ മാറ്റങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി അവകാശപ്പെട്ടു.

വിദേശ ഏജൻസിയുടെ റേറ്റിങിലല്ല കാര്യമെന്നും ജനങ്ങളുടെ റേറ്റിങിൽ സർക്കാർ പിന്നിലാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
അമേരിക്കയിലെ പ്യൂ റിസർച്ച് സെൻറർ 88 ശതമാനം ജനങ്ങളുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടെന്ന സർവ്വെ ഫലം ഇന്നലെ പുറത്ത് വിട്ടിരുന്നു. ബി.ജെ.പി ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയാണെന്നും കോൺഗ്രസിനും ബി.ജെ.പിക്കുമിടയിലെ വ്യത്യാസം കൂടിയെന്നും സർവ്വെയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് തുടരുമ്പോൾ ഈ സർവ്വെക്കൊപ്പം മൂഡീസ് റേറ്റിംഗും സർക്കാരിന് ആശ്വാസം പകരുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios