ലണ്ടനിലെ 1200 കോടി രൂപയുടെ കൊട്ടാരം സ്വന്തമാക്കി ഇന്ത്യൻ കോടീശ്വരന്‍, അത് അംബാനിയോ അദാനിയോ അല്ല!
റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആൻഡ്രി ഗോഞ്ചരെങ്കോയില്‍ നിന്നാണ് ഇന്ത്യന്‍ ശതകോടീശ്വരനും എസ്സാര്‍ ഗ്രൂപ്പിന്‍റെ സഹ ഉടമയുമായ രവി റൂയ കൊട്ടാരം സ്വന്തമാക്കിയത്.
ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ കൊട്ടാരം സ്വന്തമാക്കി ഇന്ത്യന്‍ ശതകോടീശ്വരന്‍. ബ്രിട്ടനില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടാണിത്. റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആൻഡ്രി ഗോഞ്ചരെങ്കോയില്‍ നിന്നാണ് ഇന്ത്യന്‍ ശതകോടീശ്വരനും എസ്സാര്‍ ഗ്രൂപ്പിന്‍റെ സഹ ഉടമയുമായ രവി റൂയ കൊട്ടാരം സ്വന്തമാക്കിയത്. ഫിനാൻഷ്യൽ ടൈംസാണ് ഇടപാട് ആദ്യം റിപ്പോർട്ട് ചെയ്തത്. 19ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഹാനോവര്‍ ലോഡ്ജ് എന്ന ബംഗ്ലാവ് പണികഴിപ്പിച്ചത്. 150 പാർക്ക് റോഡിലുള്ള റീജന്റ്സ് പാർക്കിന് അഭിമുഖമായാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ജിബ്രാൾട്ടർ ഇൻകോർപ്പറേറ്റഡ് ഹോൾഡിംഗ് കമ്പനി മുഖേനയാണ് രവി റൂയ കൊട്ടാരം തന്‍റെ പേരിലാക്കിയത്.
റഷ്യൻ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഊർജ സ്ഥാപനത്തിന്റെ അനുബന്ധ സ്ഥാപനമായ ഗാസ്‌പ്രോം ഇൻവെസ്റ്റ് യുഗിന്റെ മുൻ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു ബംഗ്ലാവിന്‍റെ മുന്‍ ഉടമ ഗോഞ്ചരെങ്കോ. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം ബംഗ്ലാവ് സ്വന്തമാക്കിയത്. നേരത്തെ, കൺസർവേറ്റീവ് പാർട്ടിയുടെ രാജ്കുമാർ ബാഗ്രിയിൽ നിന്ന് 120 മില്യൺ പൗണ്ടിന് 2012ലാണ് ഗോഞ്ചരെങ്കോ ലീസിനെടുക്കുന്നത്. ബംഗ്ലാവ് നിർമ്മാണത്തിലാണെന്നും ആകര്‍ഷകമായ വിലക്ക് ലഭ്യമായതിനാലാണ് സ്വന്തമാക്കിയതെന്നും റൂയ ഫാമിലി ഓഫീസ് വക്താവ് വില്യം റീഗോ ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. ലണ്ടനിലെ ആഡംബര വീടുകള്‍ കോടീശ്വരന്മാര്‍ സ്വന്തമാക്കുന്ന പ്രവണത തുടരുകയാണ്. വായ്പയെ ആശ്രയിക്കാതെയാണ് പലരും ബംഗ്ലാവുകള്‍ സ്വന്തമാക്കുന്നത്. ബ്രോക്കർ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ 30 മില്യൺ ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ള 17% വ്യക്തികൾ കഴിഞ്ഞ വർഷം ഒരു ആഡംബര വീടെങ്കിലും സ്വന്തമാക്കിയിട്ടുണ്ട്.
രവി റൂയ
കഴിഞ്ഞ വർഷം വിദേശികള്‍ക്ക് ബ്രിട്ടനില്‍ സ്വത്ത് വാങ്ങുന്നത് സുതാര്യമാക്കിയിരുന്നെങ്കിലും അതീവ രഹസ്യമായാണ് ഈ കച്ചവടം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വ്ലാദിമിര്‍ പുടിനുമായി ബന്ധമുള്ള റഷ്യന്‍ കോടീശ്വരന്മാര്‍ക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഗോഞ്ചരെങ്കോ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ബ്രിട്ടനില്‍ ആഡംബര ഭവനങ്ങൾ ഇപ്പോഴും രഹസ്യമായാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കഴിഞ്ഞ വർഷം ലണ്ടനിലെ കൂറ്റന്‍ വീടുകള്‍ റെക്കോർഡ് തുകക്കാണ് വിറ്റതെന്നും റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ ആഡംബര ഭവനങ്ങള്‍ക്ക് ഇപ്പോഴും ആവശ്യക്കാരേറെയുണ്ടെന്നും ബ്രോക്കർ ഹാംപ്‌ടൺസ് ഇന്റർനാഷണല്‍ പറയുന്നു.
'സ്ലംഡോഗുകൾ വേണ്ട... കോടീശ്വരന്മാർ മാത്രം..' ധാരാവി ആധുനിക നഗരമായി മാറും: ഗൗതം അദാനി