കൂപ്പുകുത്തി ഓഹരിവിപണി, നിരാശയിൽ നിക്ഷേപകർ; നഷ്ടത്തിനുള്ള 10 കാരണങ്ങള്‍ ഇതോ...
ആഭ്യന്തരവും ആഗോളവുമായ നിരവധി ഘടകങ്ങളുണ്ട് വിപണികളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് കാരണങ്ങള്‍ പരിശോധിക്കാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്ന അതേ തകര്‍ച്ച ഇന്നും ഓഹരി വിപണികളില്‍ ദൃശ്യമായി. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെ ഒറ്റയടിക്ക് നിക്ഷേപകരുടെ സമ്പത്തില്‍ 7.37 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ആഭ്യന്തരവും ആഗോളവുമായ നിരവധി ഘടകങ്ങളുണ്ട് വിപണികളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് കാരണങ്ങള്‍ പരിശോധിക്കാം.
1) യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് : യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണ് ആഗോള വിപണികള്‍. തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ചുള്ള ചാഞ്ചാട്ടം ആഗോള വിപണികളിലുണ്ട്. ഇത് ഇന്ത്യന്‍ വിപണികള്‍ക്കും തിരിച്ചടിയായി.
2) യുഎസ് ഫെഡിന്‍റെ അവലോകന യോഗം: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ അവലോകനയോഗം നവംബര്‍ 6 മുതല്‍ 7 വരെ നടക്കും. പലിശ നിരക്കുകളുടെ ഭാവി സംബന്ധിച്ച സൂചനകള്‍ ഉണ്ടാകാമെന്നതിനാല്‍ ഈ യോഗത്തിന് നിക്ഷേപകര്‍ വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
3) ചൈനയുടെ ഭാവി: ചൈനയുടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി) സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 4 മുതല്‍ നവംബര്‍ 8 വരെ യോഗം ചേരും..ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി സാമ്പത്തിക പാക്കേജ് ചൈന പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും വിപണികളില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നു.
4) പാദഫലം: ഗ്രാമീണ, നഗര വിപണികളിലെ ഡിമാന്‍റിലെ ഇടിവ് മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.എഫ്എംസിജി മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഇതും വിപണിയിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.
5) നിക്ഷേപകരുടെ ലാഭമെടുപ്പ് : വിപണിയിലെ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം നിക്ഷേപകരുടെ ലാഭം എടുക്കല്‍ ഇന്ന് വിപണിയിലെ ഇടിവിന് കാരണമായി.
6) വാഹന ഓഹരരികളില്‍ ഇടിവ്: വാഹനകമ്പനികളുടെ ഒക്ടോബറിലെ വില്‍പ്പനയിടിവ് കാരണം കമ്പനികളുടെ ഓഹരി വിലയും ഇടിഞ്ഞു. ബജാജ് ഓട്ടോ 5 ശതമാനവും മാരുതി സുസുക്കി ഇന്ത്യ 1.82 ശതമാനം ഇടിഞ്ഞു
7) ബിറ്റ്കോയിനിലെ അസ്ഥിരത: വരാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിറ്റ്കോയിനില്‍ ചാഞ്ചാട്ടം ഉണ്ടാകും. ഒക്ടോബറില്‍ ബിറ്റ്കോയിന്‍ ഏകദേശം 12 ശതമാനം ഉയര്‍ന്നിരുന്നു. പല നിക്ഷേപകരും ബിറ്റ്കോയിന്‍-ട്രാക്കിംഗ് ആസ്തികളിലേക്ക് ഫണ്ടുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
8) ഓയില്‍ കമ്പനികളിലെ ഇടിവ് : ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ (ഒഎംസി) ഓഹരികള്‍ 5 ശതമാനം വരെ ഇടിഞ്ഞു. ഗോള്‍ഡ്മാന്‍ സാക്ക്സ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ 'വില്‍പ്പന' റേറ്റിംഗ് നിലനിര്‍ത്തി, ടാര്‍ഗെറ്റ് വില 105 രൂപയായി കണക്കാക്കിയിരുന്നു. ഐഒസിയുടെ ലാഭത്തില്‍ 99 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് തരംതാഴ്ത്തല്‍.
9) വിട്ടുവീഴ്ചയില്ലാത്ത എഫ്ഐഐ വില്‍പ്പന: വിപണിയിലെ സമീപകാല ഇടിവിന്‍റെ പ്രധാന കാരണം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപം വിറ്റഴിക്കുന്നതാണ്. കഴിഞ്ഞ മാസം മാത്രം 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ അവര്‍ വിറ്റഴിച്ചത്.
10) വിക്സ് സൂചിക: വിപണിയിലെ ചാഞ്ചാട്ടം കണക്കാക്കുന്ന വിക്സ് സൂചിക എട്ട് ശതമാനത്തിലധികം ഉയര്‍ന്ന് 17.19 ലെവലില്‍ എത്തിയതിനാല്‍ വിപണികള്‍ അസ്ഥിരതയോടെയാണ് വ്യാപാരം നടത്തുന്നത്.