റിലയൻസ് ജിയോ ജാപ്പനീസ് ബാങ്കുകളില്‍ നിന്ന് 3,250 കോടി കടമെടുക്കും
- ജാപ്പനീസ് ബാങ്കുകളുടെ സാമുറായ് വിഭാഗത്തില്‍ പെടുന്ന വായ്പകളിലൂടെയാണ് ജിയോ പണം സമാഹരിക്കുക
ദില്ലി: റിലയൻസ് ജിയോ ജാപ്പനീസ് ബാങ്കുകളുമായി 3,250 കോടി രൂപ കടമെടുക്കാനായി കരാര്‍ ഒപ്പിട്ടു. ജാപ്പനീസ് ബാങ്കുകളുടെ സാമുറായ് വിഭാഗത്തില്‍ പെടുന്ന വായ്പകളിലൂടെയാണ് ജിയോ പണം സമാഹരിക്കുക.
ഏഴ് വര്‍ഷത്തിനകം തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്മേലാണ് റിലയൻസിന് ബാങ്കുകള്‍ പണം കൈമാറുന്നത്. ബിസിനസ്സ് പ്രോത്സാഹനത്തിനായുളള പലിശ നിരക്ക് കുറവുളള വായ്പകളാണ് സാമുറായ് വിഭാഗത്തിലുളളവ. ഒരു ഏഷ്യന്‍ കോര്‍പ്പറേറ്റിന് നല്‍കുന്ന സാമുറായ് വിഭാഗത്തില്‍ പെടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ജപ്പാനിലെ മിഷ്ഹോ ബാങ്ക്, എം.യു.എഫ്.ജി. ബാങ്ക്, സുമിറ്റോ മിറ്റ്സു ബാങ്ക് എന്നിവ ചേര്‍ന്ന ബാങ്കിംഗ് കണ്‍സോഷ്യമാണ് ജിയോയ്ക്ക് വായ്പ നല്‍കുന്നത്. 16.8 കോടി ഉപഭോക്താക്കളുളള ജിയോയ്ക്കായി മുകേഷ് അംബാനി നിക്ഷേപിച്ചിരിക്കുന്നത് രണ്ട് ലക്ഷം കോടി രൂപയാണ്.