ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ വന്‍ വളര്‍ച്ച നേടും: പ്രധാനമന്ത്രി
കൃഷിയും രാജ്യത്തിന്‍റെ ഉല്‍പ്പാദന മേഖലയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളര്‍ വീതം സംഭാവന ചെയ്യത്തക്ക തരത്തില്‍ അതിവേഗ വളര്‍ച്ചയിലാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു
ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും നാല് വര്‍ഷത്തിനകം ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുളള സമ്പദ്വ്യവസ്ഥയാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ വിജയമായെന്നും 80 ശതമാനം വരുന്ന മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം ആഭ്യന്തമായതായും, ഇതിലൂടെ മൂന്ന് ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായെന്നും പ്രധാനമന്ത്രി അറിയിച്ചു.
അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കേന്ദ്രത്തിന് തറക്കല്ലിടല്‍ ചടങ്ങിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൃഷിയും രാജ്യത്തിന്‍റെ ഉല്‍പ്പാദന മേഖലയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളര്‍ വീതം സംഭാവന ചെയ്യത്തക്ക തരത്തില്‍ അതിവേഗ വളര്‍ച്ചയിലാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
നിലവില്‍ 2.6 ലക്ഷം കോടി ഡോളര്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) ശേഷിയുളള രാജ്യം 2022 ഓടെ ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.
ഐടി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വന്‍ തോതില്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കപ്പെടുന്നത് വഴി ഇന്ത്യയ്ക്ക് ഏട്ട് ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കാനാവുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് രൂപീകരിക്കാന്‍ നടന്നുവരുന്ന ശ്രമങ്ങള്‍ രാജ്യ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുളളതാണെന്നും, ജിഎസ്ടി പോലെയുളള ശക്തമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കാള്ളാന്‍ സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.