പുകയില വ്യവസായ മേഖലയില്‍ വിദേശ നിക്ഷേപത്തിനു നിരോധനം വരുന്നു
ദില്ലി: പുകയില വ്യവസായ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുകയില വിപണനവും ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു നീക്കം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണ്.
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സിഗറ്ററ് പാക്കറ്റിന്റെ 85 ശതമാനം വരുന്ന ഭാഗത്ത് പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയ്ക്കു പിന്നാലെയാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ഐടിസി, ഗോഡ്ഫ്രൈ ഫിലിപ്സ്, വിഎസ്‌ടിഎ എന്നീ കമ്പനികള്‍ സര്‍ക്കാറിനെ ആശങ്കയറിയിച്ചിരുന്നു.
എഫ്ഡിഐ നിരോധനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സിഗററ്റ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. മുംബൈ സൂചികയില്‍ ഈ ഓഹരികളുടെ മൂല്യം 12 ശതമാനത്തോളം ഇടിഞ്ഞു. വിപണില്‍ പൊതുവേ ഇടിവ് ദൃശ്യമാണ്.