ഗോള്‍ഡ് ബോര്‍ഡില്‍ ചുറ്റിത്തിരിയുന്ന "സുവര്‍ണ്ണ" പ്രതീക്ഷകള്‍
- ഇന്ത്യയുടെ ഗേള്‍ഡ് പോളിസി പ്രഖ്യാപനം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകാനാണ് സാധ്യത
- സ്വര്‍ണ്ണ വില നിര്‍ണ്ണയത്തില്‍ ഇപ്പോള്‍ നിലവിലുളള വ്യാപാര കൂട്ടായ്മകളുടെ ഇടപെടലുകള്‍ ഗോള്‍ഡ് ബോര്‍ഡ് വരുന്നതോടെ ഇല്ലാതാവുന്നത് വില കുറയാനിടയാക്കിയേക്കും.
ദില്ലി: രാജ്യത്തിന്‍റെ സ്വര്‍ണ്ണത്തോടുളള ഭ്രമത്തെ നിയന്ത്രിക്കാന്‍ ഏകജാലകം സംവിധാനമൊരുക്കി നിതി ആയോഗിന്‍റെ ഗോള്‍ഡ് പോളിസി നടപ്പാവാനൊരുങ്ങുന്നു. സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പന, കയറ്റുമതി, ഇറക്കുമതി, സ്വര്‍ണ്ണ ശുദ്ധീകരണം എന്നീ മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണമാണ് ഗോള്‍ഡ് പോളിസിയുടെ പ്രഖ്യാപിത ലക്ഷ്യം. നിലവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ സ്വര്‍ണ്ണത്തിന്‍റെ നിയന്തണത്തിനായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഗോള്‍ഡ് ബോര്‍ഡ് വേണമെന്നതാണ് ഏറ്റവും പ്രധാന നിര്‍ദ്ദേശം.
ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വര്‍ണ്ണത്തിന്‍റെ അളവ് കുറെ വര്‍ഷങ്ങളായി 150 ടണ്ണിന് മുകളിലാണെന്നാണ് നികുതി സംവിധാനങ്ങളുടെ കണ്ടെത്തല്‍. ഇതിനുളള പരിഹാരമെന്ന നിലയില്‍ രാജ്യത്തെ സ്വര്‍ണ്ണഖനനം പ്രോത്സാഹിപ്പിക്കണമെന്നാണ് നിതി ആയോഗ് നിര്‍ദ്ദേശം. സ്വര്‍ണ്ണഖനനത്തിന് നിലവില്‍ ചുമത്തിക്കെണ്ടിരിക്കുന്ന നികുതികള്‍ വെട്ടിക്കുറയ്ക്കാനും നിതി ആയോഗ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. സ്വര്‍ണ്ണത്തിന്‍റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വരുന്ന വര്‍ദ്ധന ശുദ്ധീകരിക്കാത്ത സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി കുറയ്ക്കുമെന്ന് പോളിസിയുടെ ഗുണപരമായ പ്രത്യാഘാതമായി റിപ്പേര്‍ട്ടില്‍ പരാമര്‍ശിക്കുന്നെങ്കിലും ഉപയോഗം കൂടുതലും ഉല്‍പ്പാദന സംവിധാനങ്ങള്‍ കുറവുമായൊരു രാജ്യത്ത് ഈ നിര്‍ദ്ദേശം ഗുണകരമാവാന്‍ സാധ്യത വിരളമാണ്.
ഇന്ത്യയുടെ ഗേള്‍ഡ് പോളിസി പ്രഖ്യാപനം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകാനിരിക്കെ. സ്വര്‍ണ്ണത്തിന്‍റെ ചില്ലറ വില്‍പ്പനയുടെ വില നിര്‍ണ്ണയത്തില്‍ ഇപ്പോള്‍ നിലവിലുളള വ്യാപാര കൂട്ടായ്മകളുടെ ഇടപെടലുകള്‍ ഗോള്‍ഡ് ബോര്‍ഡ് വരുന്നതോടെ ഇല്ലാതാവുന്നത് വില കുറയാനിടയാക്കിയേക്കും. സ്വര്‍ണ്ണത്തെ പണമാക്കാന്‍ ഏളുപ്പമുളള സ്വത്തായി പരിഗണിക്കുന്ന ഇന്ത്യക്കാര്‍ക്ക് രൂപീകരിക്കാന്‍ പോകുന്ന ഗോള്‍ഡ് ബോര്‍ഡിന്‍റെ നയങ്ങള്‍ നിര്‍ണ്ണയകമാകും. സ്വര്‍ണ്ണകൈമാറ്റത്തില്‍ നികുതി വരുമാനത്തിന് സാധ്യതയുളളതിനാല്‍ ഗോള്‍ഡ് ബോര്‍ഡിന്‍റെ ഗോള്‍ഡ് മോണോറ്ററി പോളിസി (ജി.എം.പി.) സാധാരണക്കാരന് ഗുണകരമായിരിക്കും. പുതിയ ഗോള്‍ഡ് പോളിസിയെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.