സര്‍ക്കാരിനെ വിഷമത്തിലാക്കി രണ്ട് പ്രതിസന്ധികള്‍, നിര്‍മല സീതാരാമന് ഇത് 'ബജറ്റ് പരീക്ഷ'
ഓട്ടോ വ്യവസായത്തിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ടായ ഇടിവ് അനേകം പേരുടെ തൊഴിലുകളാണ് നഷ്ടപ്പെടുത്തിയത്. ഇന്ത്യന്‍ വാഹന വിപണിയുടെ 50 ശതമാനത്തോളം കൈയാളുന്ന മാരുതി സുസുക്കിയുടെ മേയിലെ വില്‍പ്പന 22 ശതമാനമായാണ് ഇടിഞ്ഞത്. വരുന്ന ബജറ്റില്‍ നൈപുണ്യ വികസന മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം എത്തിക്കാന്‍ ബജറ്റില്‍ പദ്ധതി ഉണ്ടാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുളളത് പ്രധാനമായും രണ്ട് പ്രതിസന്ധികളാണ്. രാജ്യം നേരിടുന്ന വളര്‍ച്ച മുരടിപ്പും തൊഴിലില്ലായ്മയുമാണ് ആ പ്രധാന പ്രതിസന്ധികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 5.8 ശതമാനമായിരുന്നു. കഴിഞ്ഞ 20 പാദങ്ങളിലെ ഏറ്റവും താഴ്ന്ന പാദ വളര്‍ച്ച നിരക്കാണ് 2019 ജനുവരി -മാര്‍ച്ച് പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ഷിക ജിഡിപി 6.8 ശതമാനവും. ഏഴ് ശതമാനം വളര്‍ച്ചയെങ്കിലും പൊതുവേ കണക്കാക്കിയിരുന്ന സ്ഥാനത്താണ് ഈ ഇടിവുണ്ടായത്. 2017- 18 ലെ വളര്‍ച്ച നിരക്ക് 7.2 ശതമാനമായിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ മൂന്നാം പണനയ അവലോകന യോഗത്തിലും റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയത്. 0.25 ശതമാനമായിരുന്നു പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത്. ഇതിനൊപ്പം ന്യൂട്രല്‍ കാഴ്ചപ്പാടില്‍ നിന്ന് പലിശ കുറയ്ക്കല്‍ വീക്ഷണത്തിലേക്ക് റിസര്‍വ് ബാങ്ക് നയം മാറ്റുകയും ചെയ്തു. മൂന്ന് യോഗങ്ങളിലായി 0.75 ശതമാനത്തിന്‍റെ കുറവ് ഇതോടെ പലിശ നിരക്കിലുണ്ടായി. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുകയും വിപണിയില്‍ കൂടുതല്‍ പണം എത്തിച്ച് വളര്‍ച്ച നിരക്ക് ഉയര്‍ത്തിയെടുക്കുകയുമാണ് റിസര്‍വ് ബാങ്കിന് മുന്നിലെ ലക്ഷ്യങ്ങള്‍. അടുത്ത യോഗത്തിലും റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയേക്കുമെന്നാണ് സൂചന.
പന്ത് ഇനി സര്‍ക്കാരിന്‍റെ കോര്‍ട്ടില്‍
റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനം ബജറ്റിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ സര്‍ക്കാരിന് സഹായകരമാണ്. സര്‍ക്കാരിന് മുന്നിലുളള ഈ പ്രതിസന്ധികളില്‍ ദീര്‍കാല പരിഹാരത്തിനാകും ബജറ്റിലൂടെ ധനമന്ത്രി ശ്രമിക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായി നിക്ഷേം വര്‍ധിപ്പിക്കാനും എല്ലാ മേഖലയിലുമുളള ഉപഭോഗം ഉയര്‍ത്താനും ബജറ്റിലൂടെ ശ്രമം ഉണ്ടായേക്കും. ഭൂമി, തൊഴില്‍, മൂലധനം, സംരംഭകത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിക്ഷേപ സൗഹാര്‍ദ്ദ സമീപനം ബജറ്റില്‍ ഇടം നേടിയേക്കുമെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നിക്ഷേപ പരിപാടികളും ഉണ്ടായേക്കാം.
2017 -18 ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. സംരംഭകത്വത്തിലൂടെയും നിക്ഷേപ വളര്‍ച്ചയിലൂടെയും ഇത് മറികടക്കാനാകും സര്‍ക്കാരിന്‍റെ ശ്രമം. ഇതിനൊപ്പം തകര്‍ച്ച നേരിട്ട് നില്‍ക്കുന്ന വ്യവസായങ്ങളെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിക്കാനുളള ശ്രമങ്ങളും ബജറ്റിലൂടെ സര്‍ക്കാര്‍ നടത്തിയേക്കും.
നൈപുണ്യ വികസനം കൂട്ടാകുമോ?
കാര്‍ഷിക മേഖലയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 2.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. മാനുഫാക്ചറിംഗ് , കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളിലെല്ലാം വളര്‍ച്ച മുരടിച്ചിരിക്കുകയാണ്. ഓട്ടോ വ്യവസായത്തിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ടായ ഇടിവ് അനേകം പേരുടെ തൊഴിലുകളാണ് നഷ്ടപ്പെടുത്തിയത്. ഇന്ത്യന്‍ വാഹന വിപണിയുടെ 50 ശതമാനത്തോളം കൈയാളുന്ന മാരുതി സുസുക്കിയുടെ മേയിലെ വില്‍പ്പന 22 ശതമാനമായാണ് ഇടിഞ്ഞത്. വരുന്ന ബജറ്റില്‍ നൈപുണ്യ വികസന മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം എത്തിക്കാന്‍ ബജറ്റില്‍ പദ്ധതി ഉണ്ടാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു.
ഒരു പക്ഷേ കോര്‍പ്പറേറ്റ് നികുതികളിലും സര്‍ക്കാര്‍ കുറവ് വരുത്തിയേക്കും. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കണമെന്നും നിക്ഷേപം വര്‍ധിപ്പിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ബിസിനസ് ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, ക്ഷേമ പദ്ധതികളുടെ വിഹിതം ബജറ്റില്‍ കുറയ്ക്കാന്‍ സാധ്യത കുറവാണ്. ബജറ്റില്‍ സര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യം ഉയര്‍ത്തേക്കുമെന്ന സൂചനകളും ശക്തമാണ്. ധനക്കമ്മി ലക്ഷ്യം 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. ഈ വ്യത്യാസം സര്‍ക്കാരിന് 420 ബില്യണ്‍ രൂപ ലഭ്യമാക്കും. ഇത് നികുതി നിരക്ക് കുറയ്ക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ക്കുമായി വിനിയോഗിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഈ പ്രധാന പ്രതിസന്ധികളെ നേരിടുകയെന്നുളളതാകും പുതിയ ധനമന്ത്രിയുടെ മുന്നിലെ യഥാര്‍ഥ വെല്ലുവിളി.