ഒരു പവന് കാല്‍ലക്ഷം കടന്നു!, നോണ്‍ സ്റ്റോപ്പായി പൊന്നുവില മുകളിലേക്ക്
24 മണിക്കൂര്‍ കൊണ്ട് പവന് 320 രൂപയാണ് മഞ്ഞലോഹത്തിന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം ഉയര്‍ന്നത് പവന് 880 രൂപയാണ്. ജൂണ്‍ 19 ന് സ്വര്‍ണവില ഗ്രാമിന് 3070 രൂപയും പവന് 24,560 രൂപയുമായിരുന്നു. 2019 ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുടെയും റെക്കോര്‍ഡാണ് ഇന്ന് മഞ്ഞലോഹം തകര്‍ത്തത്. ഇതോടെ പണിക്കൂലി കൂടി കണക്ക് കൂട്ടുമ്പോള്‍ സ്വര്‍ണാഭരണ വില സാധാരണക്കാരനെ ശരിക്കും പൊള്ളിക്കുമെന്നുറപ്പാണ്.
സ്വര്‍ണാഭരണം വാങ്ങാന്‍ പദ്ധതിയിടുന്നവരുടെയും കല്യാണ ആവശ്യക്കാരുടെയും നെഞ്ചിടിപ്പ് ഉയര്‍ത്തി കേരളത്തിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്ന് അന്തരാഷ്ട്ര വിപണിയില്‍ വന്‍ വിലക്കയറ്റമാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അതിന്‍റെ പ്രതിഫലനമാണ് കേരള വിപണിയിലും ദൃശ്യമാകുന്നത്.
2019 ഫെബ്രുവരി 20 ന് ശേഷം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. ഇന്ന് ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമാണ് നിരക്ക്.
24 മണിക്കൂര്‍ കൊണ്ട് പവന് 320 രൂപയാണ് മഞ്ഞലോഹത്തിന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം ഉയര്‍ന്നത് പവന് 880 രൂപയാണ്. ജൂണ്‍ 19 ന് സ്വര്‍ണവില ഗ്രാമിന് 3070 രൂപയും പവന് 24,560 രൂപയുമായിരുന്നു. 2019 ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുടെയും റെക്കോര്‍ഡാണ് ഇന്ന് മഞ്ഞലോഹം തകര്‍ത്തത്. ഇതോടെ പണിക്കൂലി കൂടി കണക്ക് കൂട്ടുമ്പോള്‍ സ്വര്‍ണാഭരണ വില സാധാരണക്കാരനെ ശരിക്കും പൊള്ളിക്കുമെന്നുറപ്പാണ്. പവന് കാല്‍ ലക്ഷം കടന്നതോടെ ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് പവനില്‍ കൂടുതല്‍ ലഭിക്കാത്ത സ്ഥിതി ആഭരണ വിപണിയിലുണ്ടാകും.
ചതിച്ചത് ഫെഡറല്‍ റിസര്‍വോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡോളറുമായുളള രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്ന് നിന്നതാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. ഇപ്പോള്‍ ഡോളറിനെതിരെ രൂപ മെച്ചപ്പെട്ട നിലയിലാണ്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ വിലക്കയറ്റമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില അനിയന്ത്രിതമായി കൂടുകയാണ്. 60.70 ഡോളറാണ് ഇന്ന് മാത്രം നിരക്ക് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.10 ഗ്രാം) 1,405.30 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ നിരക്ക്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റമുണ്ടാകുമെന്ന സൂചനകളാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന വിലയിരുത്തല്‍ പുറത്തുവന്നതോടെ വില ഉയരുകയായിരുന്നു.
അമേരിക്കയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന്. ന്യൂയോര്‍ക്കില്‍ വില ഔണ്‍സിന് 3.6 ശതമാനം വര്‍ധിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കണമെന്ന നിലാപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 2.25 -2.5 ശതമാനമാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക്.
മഞ്ഞലോഹം വാങ്ങിക്കൂട്ടുന്നു
വര്‍ധിച്ചുവരുന്ന യുഎസ് -ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ ഇടയാക്കിയത്. ഇതോടൊപ്പം പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങിയതും സ്വര്‍ണത്തിന് മുകളില്‍ സമ്മര്‍ദ്ദം കനത്തു. പ്രതിസന്ധി വരും ദിവസങ്ങളിലും മാറ്റമില്ലാതെ തുടരുമെന്നതിനാല്‍ സ്വര്‍ണ വില ഇനിയും ഉയരാനുളള സാധ്യത കൂടുതലാണെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന് സ്വാധീനമുളള ബാങ്കിങ് സംവിധാനങ്ങളില്‍ നിന്ന് വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുത്തത് സ്വര്‍ണ വിലയെ 26,000 ത്തിന് മുകളിലേക്ക് കൊണ്ടുപോകാനും സാധ്യതയുളളതായാണ് വ്യാപാര രംഗത്തുളളവരുടെ വിലയിരുത്തല്‍. സിങ്കപ്പൂരില്‍ ഔണ്‍സിന് 2.25 ശതമാനം വില ഉയര്‍ന്ന് 1,394.11 ല്‍ എത്തി. 2013 ന് ശേഷമുളള ഉയര്‍ന്ന നിരക്കാണിത്.
ലണ്ടന്‍ അടിസ്ഥാന വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1.75 ശതമാനമാണ് ഉയര്‍ന്നത്. ദുബായില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന്. ദുബായില്‍ സ്വര്‍ണവില നാല് ദിര്‍ഹമാണ് വര്‍ധിച്ചത്. നിലവില്‍ 156.75 ദിര്‍ഹമാണ് ദുബായിലെ സ്വര്‍ണ നിരക്ക്.