കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ഇന്ത്യന്‍ ഗ്രാമങ്ങളെ അവഗണിക്കുന്നുണ്ടോ?
- കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ ഇന്നും കറന്‍സി നോട്ടുകള്‍ മാത്രമാണ് ഉപയോഗിച്ചുവരുന്നത്
- രാജ്യത്തെ 19 ശതമാനം ജനങ്ങളിലേക്ക് ഇപ്പോഴും അടിസ്ഥാന സാമ്പത്തിക സേവനങ്ങള്‍ എത്തുന്നില്ല
ഡിജിറ്റലൈസേഷന്‍റെ പാതയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യയിലെ ബാങ്കിംഗ് രംഗം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഇതോടെ, പുതിയ ശാഖകളും എടിഎമ്മുകളും തുടങ്ങാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് താല്‍പര്യം കുറഞ്ഞുവരികയാണ്. നിലവിലുളള എടിഎമ്മുകളുടെ പ്രവര്‍ത്തനം സാങ്കേതികമായി മുടങ്ങുകയോ ആവശ്യത്തിന് പണമില്ലാതാവുകയോ ചെയ്യുന്നതിന്‍റെ വാര്‍ത്തകള്‍ ഇന്ന് രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എടിഎം പ്രതിസന്ധി നഗരങ്ങളെക്കാളേറെ ബുദ്ധിമുട്ടിലാക്കുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളെയാണ്. പണം ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥായിലാണ് ഗ്രാമീണ ജീവിതങ്ങള്‍.
കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ഗ്രാമീണ മേഖലയിലെ സാമ്പത്തിക സേവനങ്ങള്‍ക്ക് ബാങ്കിംഗ് ഡിജിറ്റലൈസേഷന് തുല്യമായ പ്രധാന്യം നല്‍കേണ്ടത് അത്യവശ്യമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കി ആരംഭിച്ച പദ്ധതിയായിരുന്നു പ്രധാനമന്ത്രി ജന്‍ധന്‍ യോജന. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കാന്‍ തുടങ്ങിയത്. ഇതോടെ, ജന്‍ധന്‍ യോജനയിലൂടെ ലഭിക്കേണ്ട സേവനങ്ങള്‍ ഇന്ത്യന്‍ ഗ്രാമീണ ജനതയ്ക്ക് ഏതാണ്ട് അന്യമായി മാറി.
കറന്‍സി തന്നെ ഇന്നും രാജാവ്
2014 ല്‍ ആരംഭിച്ച ജന്‍ധന്‍ യോജന പദ്ധതിയിലൂടെ എല്ലാവിഭാഗം ജനങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുകയായിരുന്ന സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ പദ്ധതി മുന്നേറുന്നതിനിടെയാണ് 2016 നവംബറില്‍ സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചത്. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാന്‍ ഇന്ത്യന്‍ ജനതയെ ഡിജിറ്റല്‍ പേമെന്‍റ് ആവാസ വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും സമൂഹത്തിന്‍റെ മിക്ക മേഖലകളില്‍ ഇന്നും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുളള പണമിടപാടുകള്‍ തന്നെയാണ് മുന്നിലുളളത്. ഉദാഹരണമായി നമ്മുടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ ഇന്നും കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ സേവനങ്ങള്‍ ലഭിക്കുകയുള്ളൂ.
പണമില്ലാതെ നട്ടംതിരിഞ്ഞ് ഇന്ത്യന്‍ ഗ്രാമങ്ങള്‍
ഇന്ത്യന്‍ നഗരങ്ങളെക്കാള്‍ ഗ്രാമങ്ങള്‍ക്കാണ് നോട്ടുകളുടെ ആവശ്യങ്ങള്‍ ഏറെയുളളത്. ജനങ്ങളുടെ ഇടയിലേക്ക് കറന്‍സി എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് എടിഎം ശൃംഖലയാണ്. ഡിജിറ്റല്‍ മണി പ്രോത്സാഹിപ്പിക്കാനായി ബാങ്കുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലെ സാമ്പത്തിക സേവന വകുപ്പും നടത്തിവരുന്ന നടപടികളെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എടിഎം ശൃഖലയുടെ വിപുലീകരണ നടപടികളും സുഗമമായ പ്രവര്‍ത്തനവും. കാരണം, ഇന്ത്യ പോലെ ഏറെ സങ്കീര്‍ണതകള്‍ ഉള്ള ഒരു രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുക സമീപകാലത്ത് പ്രാപ്യമാണോയെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
അടുത്തകാലത്തായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടര്‍കഥയാവുന്ന എടിഎം സേവനങ്ങളില്‍ നേരിടുന്ന പ്രതിസന്ധി രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സുഗമമായ മുന്നോട്ടു പോക്കിന് അപകടമാണ്. എടിഎമ്മുകളുടെ പരിപാലന ചിലവ് കൂടുതലാണെന്നതാണ് ബാങ്കുകളെ ഇത്തരം സേവനങ്ങളില്‍ നിക്ഷേമിറക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചേര്‍ന്ന് ഊര്‍ജ്ജിത ശ്രമം നടത്തിയില്ലെങ്കില്‍ നമ്മുടെ ഗ്രാമങ്ങള്‍ പട്ടിണിയിലേക്ക് പോയേക്കാം.
പഠനങ്ങള്‍ പറയുന്നു അവസ്ഥ ഗുരുതരം
2017 ല്‍ അസ്സോസിയേറ്റഡ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളില്‍ പറയുന്നത് രാജ്യത്തെ 19 ശതമാനം ജനങ്ങളിലേക്ക് ഇപ്പോഴും അടിസ്ഥാന സാമ്പത്തിക സേവനങ്ങള്‍ എത്തുന്നില്ലെന്നാണ്. മുന്നോട്ട് കുതിക്കുന്ന സമ്പദ്ഘടനയുളള രാജ്യമെന്ന അവകാശവാദങ്ങള്‍ക്ക് അപവാദമാണ് ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ കണ്ടെത്തല്‍.
ഭൗതിക ബാങ്കിങ് സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇന്ത്യ പോലെയോരു രാജ്യത്തെ ബാങ്കുകള്‍ പിന്നോട്ട് പോകുന്നത് ഗ്രാമീണ സമ്പദ്‍വ്യവസ്ഥ തകിടംമറിക്കും. ഓണ്‍ലൈന്‍ ബാങ്കിംഗ് എന്ന സാധ്യതകളുടെ വലിയ ലോകം സൃഷ്ടിക്കുന്നതിനൊപ്പം ബാങ്കിംഗ് ശാഖകളും എടിഎമ്മുകളും അടങ്ങുന്ന ഭൗതിക സാഹചര്യങ്ങളും തുല്യ പ്രാധാന്യത്തോടെ വളര്‍ന്നുവരണം.
കണ്ണീര്‍ കഥ പറയും ജോഗാലിയ
രാജസ്ഥാനിലെ ഒരു ഗ്രാമമാണ് ജോഗാലിയ. 5,500 പേര്‍ അതിവസിക്കുന്ന ജോഗാലിയയില്‍ ഒരു ബാങ്ക് ശാഖയോ എടിഎമ്മോ പോലും ഇല്ല. അടുത്തുളള ബാങ്കില്‍ പോകണമെങ്കില്‍ 15 കിലോമീറ്റര്‍ യാത്ര ചെയ്യണം. വാര്‍ദ്ധക്യകാല പെന്‍ഷനും മറ്റ് ക്ഷേമപെന്‍ഷനുകളും വാങ്ങണമെങ്കില്‍ അവിടുത്തുകാര്‍ ദുര്‍ഘടമായ പാതയിലൂടെ ഏകദേശം 60 രൂപയോളം മുടക്കി യാത്ര ചെയ്യണം.
ജോഗാലിയ പോലെ അനേകം ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. ഇത്തരം ഗ്രാമീണര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ തന്നെ കിട്ടാക്കനിയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കറന്‍സി ഇടപാടുകള്‍ക്ക് പകരമായി ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടപ്പാക്കണമെങ്കില്‍ കാലങ്ങളുടെ ശ്രമങ്ങള്‍ ആവശ്യമായി വരുമെന്നതില്‍ സംശയമേതുമില്ല.
റീത്തിക ഖേരയുടെ കണ്ടെത്തല്‍
ലോക ബാങ്ക് റിപ്പോര്‍ട്ടുകളെ ആധാരമാക്കി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നത്. ജന്‍ധന്‍ യോജന പദ്ധതിയിലൂടെ നാല് വര്‍ഷം കൊണ്ട് 31 കോടി വ്യക്തികളെ പുതുതായി ബാങ്കിംഗ് സേവനങ്ങള്‍ക്ക് കീഴിലേക്ക് എത്തിക്കാനായെന്നാണ്. എന്നാല്‍, ഇതിനനുസരിച്ച് ബാങ്കുകളോ, എടിഎമ്മുകളോ രാജ്യത്ത് സ്ഥാപിക്കപ്പെട്ടില്ലെന്നാണ് അവരുടെ കണ്ടെത്തല്‍.
ഗ്രാമീണ മേഖലയിലെ ബാങ്കിംഗ് സാന്നിധ്യത്തെപ്പറ്റി പഠനം നടത്തിയ അഹമ്മദാബാദ് ഐഐഎം അസോസിയേറ്റ് പ്രഫസര്‍ റീത്തിക ഖേരയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ പ്രസക്തമാണ്. "ഗ്രാമീണ മേഖലകളില്‍ ബാങ്കിംഗ് സേവനങ്ങളുടെ വലിയ അപര്യാപ്തത കാണാന്‍ കഴിയും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരും, കൂലിപ്പണിക്കാരായ ഗ്രാമീണര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്നില്ല. ഇതിനാല്‍ ഗ്രാമീണ മേഖലകള്‍ വലിയ വിഷമത്തിലാണ്" അവര്‍ പറയുന്നു.
നടപടികള്‍ ഇപ്പോഴും പുരോഗതിയിലാണ്
രാജ്യം പൊതു തെരഞ്ഞെടുപ്പിനെ ആഭിമുഖീകരിക്കാന്‍ ഒരു വര്‍ഷം പോലും ബാക്കിയില്ലാത്ത ഈ സമയത്ത് രാജ്യത്തെ സാമ്പത്തിക സേവന രംഗത്ത് വലിയ പുരോഗതി ദ്യശൃമാവുമെന്ന വാഗ്ദാനവുമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ ജനത ആശങ്കയിലാണ്. ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഉറപ്പാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കുളള നടപടികള്‍ പുരോഗമിച്ചു വരുന്നതായാണ് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയം വക്താവ് ഡി എസ് മാലിക് നല്‍കിയ മറുപടി.
ജന്‍ധന്‍ യോജന പോലെയുളള പദ്ധതികള്‍ രാജ്യത്ത് നിലവില്‍ വന്നിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്നാതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനുപകരിക്കുന്ന ബാങ്കിംഗ് രംഗത്തെ ഡിജിറ്റലൈസേഷന്‍ പദ്ധതികളെപ്പോലെ തന്നെ പ്രധാന്യം അര്‍ഹിക്കുന്നവയാണ് ഓരോ ഇന്ത്യക്കാരന്‍റെ കുടിലുകളിലേക്കും അടിസ്ഥാന സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുകയെന്നതും.