മുകേഷ് അംബാനി കുടുംബത്തിന് ഏഷ്യയിലെ അതിസമ്പന്ന പട്ടം
ദില്ലി: സാംസങ് കമ്പനിയുടെ ഉടമകളായ ലീ കുടുംബത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മുകേഷ് അംബാനിയുടെ കുടുംബം ഏഷ്യയിലെ അതിസമ്പന്ന പട്ടികയിൽ മുന്നിൽ. ഫോബ്സ് മാഗസിനാണ് വൻകരയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. മൊത്തം ആസ്തി 19 ബില്യൺ ഡോളറിൽ നിന്ന് 44.8 ഡോളറാക്കിയാണ് അംബാനി കുടുംബത്തിന്റെ കുതിപ്പ്. ആസ്തിയിൽ 11.2 ബില്യൺ ഡോളറിന്റെ വളർച്ച ഉണ്ടായ ലീ കുടുംബത്തിന്റെ മൊത്തം ആസ്തി 40.8 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാംസങ് ഇലക്ട്രോണിക്സിന്റെ ഒാഹരിയിൽ 75 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ സൺഹങ്കായ് പ്രോപ്പർട്ടീസ് ഉടമകളായ ഹോംഗോങിലെ കോക്ക് കുടുംബമാണ് ധനാഡ്യരുടെ പട്ടികയിൽ മൂന്നാമത്. 40.4 ബില്യൺ ഡോളറാണ് ഇവരുടെ മൊത്തം ആസ്തി. തായ്ലന്റിലെ കരിയോൺ പോക്ഫന്റ് ഗ്രൂപ്പ് ഉടമകളായ ചിറാവനൻറ് കുടുംബമാണ് 36.6 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്ത്. ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ് മുകേഷ് അംബാനി.
കഴിഞ്ഞ വർഷം ഇന്ത്യയിൽ മുകേഷ് അംബാനിയോളം തരംഗമായി നേട്ടം കൊയ്ത കമ്പനികൾ വേറെയില്ലെന്നാണ് ഫോബ്സ് മാഗസിൻ പറയുന്നത്. റിലയൻസ് വ്യവസായങ്ങളുടെ തലവനും ഭൂരിഭാഗം ഒാഹരി ഉടമയുമാണ് മുകേഷ് അംബാനി. ടെലികോം മേഖലയിൽ ജിയോയുടെ വരവാണ് മുകേഷിനെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിച്ചത്.
ഫോബ്സ് പട്ടികയിൽ ഇന്ത്യൻ കുടുംബം മുന്നിൽ വരുന്നത് മൂന്നാം തവണയാണ്. പട്ടികയിൽ വിപ്രോ ഉടമ അസീം പ്രേംജിയുടെ കുടുംബം 11ാം സ്ഥാനത്തും (19.2 ബില്യൺ ഡോളർ ആസ്തി), ഹിന്ദുജ കുടുംബം (18.8 ബില്യൺ) 12ാം സ്ഥാനത്തും മിത്തൽ കുടുംബം (17.2 ബില്യൺ) 14ാം സ്ഥാനത്തും മിസ്ട്രി കുടുംബം (16.1 ബില്യൺ) 16ാം സ്ഥാനത്തും ബിർല കുടുംബം (14.1 ബില്യൺ) 19ാം സ്ഥാനത്തും എത്തിയ ഇന്ത്യൻ വ്യവസായ ഭീമൻമാരാണ്.
ഗോദ്റെജ് കുടുംബം 20ഉം ബജാജ് കുടുംബം 26ഉം ജിൻഡാൽ കുടുംബം 32ഉം ബർമൻസ് കുടുംബം 35ഉം എയ്ച്ചർ മോട്ടോഴ്സ് ഗ്രൂപ്പ് 36ഉം ശ്രീ സിമന്‍റ് ഉടമകളായ ബംഗൂർ കുടുംബം 37ഉം സ്ഥാനങ്ങളിലുണ്ട്. 50 കുടുംബങ്ങളുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്.