അദാനിയുടെ പ്രഖ്യാപനം പാഴായി; വിഴിഞ്ഞം പാതിവഴിയില്‍
തുറമുഖ നിര്‍മ്മാണം തുടങ്ങി ആയിരം ദിവസം കഴിയുമ്പോഴും പദ്ധതി പകുതി വഴിയില്‍ മാത്രമാണ്.
തിരുവനന്തപുരം: ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന അദാനി ഗ്രൂപ്പിന്‍റെ പ്രഖ്യാപനം നടപ്പായില്ല. തുറമുഖ നിര്‍മ്മാണം തുടങ്ങി ആയിരം ദിവസം കഴിയുമ്പോഴും പദ്ധതി പകുതി വഴിയില്‍ മാത്രമാണ്.
പാറലഭ്യതയിലെ തടസ്സം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയാണ് തുറമുഖ നിര്‍മ്മാണത്തിനുളള പ്രധാന തടസ്സങ്ങളെന്നാണ് കമ്പനിയുടെ വിശദീകരണം. കരാര്‍ പ്രകാരം 2019 ഡിസംബര്‍ നാലിനാണ് ആദ്യഘട്ട തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, നിര്‍മ്മാണം തുടങ്ങി 1,000 ദിവസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യം നേടിയെടുക്കുമെന്നാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്.
2015 ഡിസംബര്‍ അഞ്ചിനാണ് പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനച്ചടങ്ങുകള്‍ നടന്നത്. പദ്ധതി പ്രദേശത്ത് 615 പൈലുകളില്‍ 377 എണ്ണത്തിന്‍റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. തുറമുഖത്തിനായി 50 ഹെക്ടര്‍ കടലാണ് നികത്തേണ്ടതെങ്കില്‍ നികത്താനായത് 35 ഹെക്ടര്‍ മാത്രമാണ്. മൂന്ന് കിലോമീറ്ററോളം വരുന്ന പുലിമുട്ടിന്‍റെ 650 മീറ്റര്‍ മാത്രമാണ് നര്‍മ്മാണം പൂര്‍ത്തിയായത്.