ആത്മനിഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി നിയന്ത്രണം ഉണ്ടായേക്കും: പരിഗണിക്കുന്നത് 2019 ലെ സിംസ് മാതൃക
ഇറക്കുമതിക്കായി നിയന്ത്രിത പട്ടിക വിപുലീകരിക്കുന്നതും പരിഗണിക്കുന്നതായാണ് സൂചന. ഇതിന് വിദേശ വ്യാപാര ഡയറക്ടർ ജനറലിന്റെ (ഡിജിഎഫ്ടി) അനുമതി ആവശ്യമാണ്.
ആഭ്യന്തര വ്യവസായത്തെ സഹായിക്കുന്നതിന്റെ ഭാഗമായി താരിഫ് ഇതര തടസ്സങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, തുണിത്തരങ്ങൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി 350 ലധികം ഇനങ്ങളെ പട്ടികപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇറക്കുമതി-നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക, നിർബന്ധിത ലൈസൻസിംഗ് ആവശ്യകതകൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ ഇതിനായി സർക്കാർ പരിശോധിക്കുകയാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശികമായി നിർമിച്ച ചരക്കുകളുടെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നിക്കം. “ആത്മനിഭർ ഭാരത്” ലക്ഷ്യത്തിന് അനുസൃതമായാണിത്. ധനകാര്യമടക്കം വകുപ്പുകളും മന്ത്രാലയങ്ങളും (വാണിജ്യം, സൂക്ഷമ -ചെറുകിട -ഇടത്തരം മന്ത്രാലയം) നിതി ആയോഗും ഇറക്കുമതി കുറച്ചുകൊണ്ട് ആഭ്യന്തര വ്യവസായ പ്രോത്സാഹന നയം അടിസ്ഥാനമാക്കിയുളള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
കൂടാതെ, കർശനമായ ഉൽപ്പന്ന മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായ നടപടികളുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (ബിഐഎസ്) മുന്നോട്ട് പോവുകയാണ്. ഇന്ത്യൻ വിപണിയിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയും കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണ്. 127 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് വെട്ടിക്കുറയ്ക്കാൻ നിതി ആയോഗ് അടക്കം പരിഗണിക്കുന്നത്. ഇറക്കുമതി മേഖലയിലെ ചൈനീസ് സാന്നിധ്യം കുറച്ച് പകരമായി മറ്റ് രാജ്യങ്ങളിൽ നിന്നുളള ഇറക്കുമതി വർധിപ്പിക്കാനും സർക്കാരിന് ആലോചനയുണ്ട്.
എംഎസ്എംഇകൾക്ക് ഗുണകരമാകും
ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 88 ബില്യൺ ഡോളറായിരുന്നു, വ്യാപാരത്തിലെ 53.5 ബില്യൺ ഡോളറിന്റെ കമ്മി ചൈനയ്ക്ക് അനുകൂലമായിരുന്നു. ആഭ്യന്തര ഉൽപ്പാദനം കൂട്ടുകയും, ഇത്തരം ഉൽപ്പന്നങ്ങൾക്ക് ആവശ്യകത വർധിപ്പിക്കുകയും ചെയ്ത് ഈ വ്യാപാരത്തിലെ കമ്മി കുറയ്ക്കുകയാണ് സർക്കാരിന്റെ പരിഗണനാ വിഷയം.
“ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, തുണിത്തരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ വലിയൊരു ഭാഗം ചൈനയിൽ നിന്നാണ് ഉത്ഭവിക്കുന്നത്, പ്രസ്തുത ഉൽപ്പന്നങ്ങൾക്കും ഘടകങ്ങൾക്കുമായി സർക്കാർ ഇറക്കുമതി പകരക്കാരനെ തേടുകയാണ്,” കേന്ദ്ര സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഉൽപ്പന്ന ഗുണമേന്മ മാനദണ്ഡങ്ങൾ സ്ഥാപിച്ചുകൊണ്ട് ഇത് നടപ്പാക്കും, ഇതിനായി ബിഐഎസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്കരിച്ച ഭക്ഷണം, തുണിത്തരങ്ങൾ, തുകൽ, കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ രാജ്യത്തെ എംഎസ്‌എംഇകൾ നിർമ്മിക്കുന്ന ഇനങ്ങൾ ഇറക്കുമതി നിയന്ത്രണത്തിനായി പരിഗണിക്കുന്നു. ടെലിവിഷൻ, എയർകണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, മരുന്നുകൾ തുടങ്ങിയ ഇനങ്ങളും പട്ടികയിലുണ്ട്. ഇറക്കുമതി മോണിറ്ററിംഗിനായി ഇറക്കുമതിക്കാർ അളവുകൾ, അവയുടെ മൂല്യം, ഉത്ഭവ രാജ്യം എന്നിവ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 2019 ലെ സ്റ്റീൽ ഇറക്കുമതി നിരീക്ഷണ സംവിധാനത്തിന് (സിംസ്) സമാനമായ ഒന്നാണ് സർക്കാർ പരിഗണിക്കുന്നത്.
താരിഫ് ഉയർത്താനാകാത്ത ഇനങ്ങൾ
ഇറക്കുമതിക്കായി നിയന്ത്രിത പട്ടിക വിപുലീകരിക്കുന്നതും പരിഗണിക്കുന്നതായാണ് സൂചന. ഇതിന് വിദേശ വ്യാപാര ഡയറക്ടർ ജനറലിന്റെ (ഡിജിഎഫ്ടി) അനുമതി ആവശ്യമാണ്. പാസഞ്ചർ വാഹനങ്ങൾ, ബസുകൾ / ലോറികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ചില ന്യൂമാറ്റിക് ടയറുകൾ സൗജന്യ പട്ടികയിൽ നിന്ന് നിയന്ത്രിത പട്ടികയിലേക്ക് മാറ്റുന്നതായി ഡിജിഎഫ്ടി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
2014 മുതൽ 3,500 ലധികം താരിഫ് ലൈനുകളിൽ ഇന്ത്യ തീരുവ ഉയർത്തി. ഉയർന്ന വിലകൾ വിദേശ ഇൻപുട്ടിനെ ആശ്രയിക്കുകയും ദ്രവ്യത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന നിർമ്മാതാക്കളെയും കയറ്റുമതിക്കാരെയും ബാധിക്കുമെന്ന് ഭയന്ന് നിലവിൽ ഇറക്കുമതി തീരുവ ഉയർത്താൻ വാണിജ്യ വകുപ്പ് മടിക്കുന്നുണ്ട്.
"അസംസ്കൃത വസ്തു ഇറക്കുമതിയെ ആശ്രയിക്കുകയും ദ്രവ്യത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന നിർമ്മാതാക്കളെയും കയറ്റുമതിക്കാരെയും ഉയർന്ന വില ബാധിക്കുമെന്നതിനാൽ താരിഫ് ഉയർത്തുന്നത് പ്രായോഗികമല്ല. കൂടാതെ, ലോക വ്യാപാര സംഘടനയുടെ പരിധിയിലുള്ള മേൽത്തട്ട് ഇനങ്ങളുണ്ട്. ഇവയ്ക്ക് താരിഫ് ഒരു പരിധിക്ക് മുകളിലേക്ക് ഉയർത്താനാകില്ല,” മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ബിസിനസ് സ്റ്റാൻഡേർഡിനോട് വ്യക്തമാക്കി.
കുറഞ്ഞ മൂല്യമുള്ള എഞ്ചിനീയറിംഗ് വസ്തുക്കൾ ചൈന രാജ്യത്തേക്ക് കയറ്റി അയച്ചതായുളള ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.