എന്‍റെ അടിവസ്ത്രങ്ങള്‍ ഇരുമ്പ് കൊണ്ടായിരുന്നെങ്കില്‍
റാംപത്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച അടിവസ്ത്രം ധരിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് അഫ്ഗാന്‍ യുവ കലാകാരി. കുബ്ര കദേമിയാണ് പുതിയ പ്രതിഷേധ നടപടിയുമായി കാബൂളിലെ തിരക്കേറിയ തെരുവിലെത്തിയത്. അഫ്ഗാന്‍ പോലൊരു രാജ്യത്ത് ഒരു സ്ത്രീ നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും കുബ്ര അതെന്നും കാര്യമാക്കിയില്ല.
ഒരു ദിവസം കുബ്ര രക്ഷാകവചം ധരിച്ചുകൊണ്ട് എട്ട് മിനിട്ടോളം തെരുവിലൂടെ നടന്നപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ഇവരെ പിന്‍തുടരുയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. അവസാനം കുബ്ര കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമങ്ങളുടെ കഥ ഇവിടെ അവസാനിച്ചില്ല. പുരുഷ കൂട്ടം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അവളുടെ ഫോണിലേക്ക് അയച്ച് നിരന്തരം അവളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. വധഭീഷണി സന്ദേശങ്ങളും അവളുടെ ഫോണിലേക്ക് എത്തിക്കൊണ്ടിരുന്നു. അവസാനം ശല്യം സഹിക്കാനാവാതെ വീട് വിട്ട് ഒളിവില്‍ താമസിക്കേണ്ടി വന്നു ഈ അഫ്ഗാന്‍ യുവതിക്ക്.
നമ്മള്‍ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളെ രണ്ടാംതരക്കാരായിട്ടാണ് കാണുന്നത്. നമ്മള്‍ ലൈംഗിക അതിക്രമത്തിനെതിരെ കേസ് കൊടുത്താല്‍, സ്ത്രീകള്‍ ശരിയായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. പക്ഷേ, ഇത് ശരിക്കും തെറ്റാണ്. എത്രയോ പര്‍ദ്ദ ധരിച്ച സ്ത്രീകളാണ് അക്രമത്തിന് ഇരയാവുന്നത് എന്ന അഭിപ്രായമാണ് കുബ്രയ്ക്കുള്ളത്.
കുട്ടിക്കാലത്തും കൗമാര പ്രായത്തിലും പലരില്‍നിന്നും മോശമായ പെരുമാറ്റം താന്‍ നേരിട്ടിട്ടുണ്ടെന്നും തന്‍റെ അടിവസ്ത്രങ്ങള്‍ ഇരുമ്പ് കൊണ്ട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നും അവള്‍ പറഞ്ഞു.