വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തമ്മില്‍ തല്ലി ടീച്ചര്മാര്
ദെരാബാസി: വിദ്യാര്‍ത്ഥികളെ സാക്ഷിയാക്കി പ്രധാനാധ്യപികയും മറ്റൊരു അധ്യാപികയും തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ ചര്‍ച്ചയാകുന്നു. പഞ്ചാബിലെ ദെരാ ബാസിയിലാണ് സംഭവം നടന്നത്. സ്കൂളിലെ പ്രധാനാധ്യാപിക വീണ ബാസിയും സയൻസ് അധ്യാപിക കൈലാഷ് റാണിയും തമ്മിൽ ദീർഘ കാലമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇതാണ് പരസ്യമായ തമ്മില്‍ തല്ലായി പരിണമിച്ചത്.
പ്രധാനാധ്യപികയായ വീണ ബാസിയും സ്കൂളിലെ മറ്റ് ചില അധ്യാപകരും ജീവനക്കാരും ദീർഘ കാലമായി സ്കൂളിന്റെ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നുണ്ടെന്നാണ് കൈലാഷ് റാണിയുടെ ആരോപണം. അതിൽ എതിർപ്പു പ്രകടിപ്പിച്ച തന്നെ സ്കൂളിൽ നിന്നും സ്ഥലം മാറ്റാൻ ശ്രമിച്ചെന്നും ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോൾ തന്റെ സ്ഥലംമാറ്റം റദ്ദാക്കിയെന്നും അവർ ആരോപിച്ചു.
വൈസ് ഹെഡ്മിസ്ട്രസിന്റെ സ്ഥാനം വഹിക്കാൻ തനിക്കാണ് യോഗ്യത, എന്നാൽ തന്നെക്കാളും ജൂണിയറായ മറ്റൊരാൾക്ക് ഈ സ്ഥാനം നൽകിയിരിക്കുകയാണെന്നും കൈലാഷ് റാണി പറഞ്ഞു. രണ്ടുദിവസതത്തെ അവധിക്കു ശേഷം സ്കൂളിലെത്തിയപ്പോൾ ഹെഡ്മിസ്ട്രസും മറ്റ് അധ്യാപകരും ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നും അവർ പരാതിപ്പെട്ടു.
എന്നാൽ കൈലാഷ് റാണിയാണ് തന്നെയും അധ്യാപകരെയും ആക്രമിച്ചതെന്നാണ് ഹെഡ്മിസ്ട്രസിന്റെ വാദം. നടന്ന സംഭവത്തിൽ രണ്ടു പേർക്കും പൂർണ ഉത്തരവാദിത്വം ഉണ്ടെന്നാണ് സ്കൂളിന്റെ ചെയർമാൻ മൻജിത്ത് സിംഗ് പറയുന്നത് മാത്രമല്ല ഇത്തരത്തിലുള്ള സംഭവമാണ് സ്കൂളിന്റെ സൽപ്പേര് നഷ്ടമാകുന്നതിനും പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച വിജയം നേടാൻ കഴിയാതെ പോകുന്നതിനും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.