മയിലുകളുടെ പ്രത്യുൽപ്പാദന രീതി ചർച്ച ചെയ്ത് ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം
ചൂലന്നൂര്‍: രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ മയിലുകളെക്കുറിച്ചുള്ള വിവാദ പരാമർശത്തെക്കുറിച്ച് നിരന്തരം കേൾക്കുന്ന ഒരിടമുണ്ട് പാലക്കാട്. തൃശൂർ അതിർത്തിയിലെ ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം. മയിലുകളുടെ പ്രത്യുൽപ്പാദന രീതിയെക്കുറിച്ചാണ് ഇപ്പോൾ ഇവിടെയെത്തുന്ന മിക്കവരുടെയും ചർച്ച.
മയിൽ സങ്കേതത്തിലെ വാച്ചറായ രാജൻ ചേട്ടന് ഈയിടെ പണിയൽപ്പം കൂടുതലാണ്. കാലങ്ങൾ കൊണ്ട് അറിയുന്നതും പഠിച്ചു വച്ചതുമായ പതിവ് കാര്യങ്ങൾക്ക് ഒപ്പം, മയിലുകളുടെ ഇണ ചേരലിനെക്കുറിച്ചും പറയണം. മയിലുകളുടെ പ്രജനനത്തെ കുറിച്ച് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമർശങ്ങൾക്ക് ശേഷമാണ് പതിവിന് വ്യത്യസ്ഥമായി ഇവിടെയെത്തുന്ന സന്ദർശകരിൽ നിന്ന് ഈ വിഷയത്തിലെ ചോദ്യങ്ങളും ധാരാളം കേട്ടു തുടങ്ങിയത്. അവരോടൊക്കെ തനതു രീതിയിൽ രാജൻ കാര്യങ്ങൾ വിശദീകരിക്കും
സംസ്ഥാനത്തെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്. മയിലുകളെക്കുറിച്ച് ഒന്നുമറിയാത്തതുകൊണ്ടാണ് അത്തരം പരാമർശമെന്ന് രൂക്ഷമായി പ്രതികരിക്കുന്നവരാണ് ഇവിടെയെത്തുന്നവരിൽ അധികവും. മയിലുകളുടെ കണ്ണീര് കാണാമെന്നൊന്നും കരുതി ആരും ഇങ്ങോട്ട് കയറേണ്ടെന്നാണ് വനം വകുപ്പിന് പറയാനുള്ളത്.
അഞ്ഞൂറിലേറെ മയിലുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. അപൂർവ കാഴ്ചകൾ കാണാനും, ക്യാമറയിൽ പകർത്താനും നിരവധി പേരാണ് ദിനം പ്രതി ചൂലന്നൂരിലെത്തുന്നത്.