ഇരുപതുകളിൽ തിമിർക്കുന്ന, കുരുത്തം കെട്ടോർക്കായി ഒരു പാട്ട്!
കാളിന്ദപർവ്വതത്തിൽ നിന്നുത്ഭവിച്ച് കണ്ണന്‍റെ ബാലലീലകളിലൂടെ നമ്മുടെ കനവുകളിലേയ്ക്കൊഴുകിയ നദിയാണ് കാളിന്ദി. സൂര്യപുത്രി... ഇവിടെയിതാ വയലാർ പറയുന്നു കാളിന്ദിയോട് അനുരാഗമായിരുന്നത്രേ കണ്ണനെന്ന്!
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
ഇഷ്ടപ്പെട്ട പാട്ടുകൾ കുറേയുണ്ടെനിക്ക്. അവയിൽ ചിലത് രണ്ടാമതൊരാൾ പാടിക്കേൾക്കാൻ പോലും എനിക്കിഷ്ടമില്ലാത്ത വിധം, പുഴയിൽ പൊഴിഞ്ഞ മഴത്തുള്ളി പോലെ ആത്മാവിൽ ലീനമായിപ്പോയതാണ്. ഓർമ്മകളുടെ തൊട്ടാവാടിക്കാട്ടിലൂടെ നടന്നു നടന്ന്... ഞാനും പറഞ്ഞുകൊള്ളട്ടെ എനിക്കിന്നും പ്രിയതരമായ ആ പഴയ പാട്ടിനെക്കുറിച്ച്.
പല ദിവസങ്ങളിലും കള്ളം പറഞ്ഞ് ട്യൂഷൻ മുടക്കി റേഡിയോയിൽ 'സിലോൺസ്റ്റേഷൻ' പിടിച്ച് പാട്ടും കേട്ട് നടന്ന ഒരു സ്കൂൾ കാലമുണ്ടായിരുന്നു എനിക്ക്. കിണറ്റുകരയിൽ ഒരു വലിയ പാരിജാതവും തൊട്ടു ചേർന്നൊരു ചെമ്പകവും നിൽപ്പുണ്ട്. അവയിൽ കെട്ടുപിണഞ്ഞു കിടന്ന മുല്ലവള്ളികൾ ശിഖരങ്ങളെ സുഖമുള്ള ഇരിപ്പിടങ്ങളാക്കി മാറ്റിയതു കൊണ്ട് അത്രയും ഉയരത്തിലിരുന്ന് തടസ്സമില്ലാതെ, കറകറപ്പില്ലാതെ പാട്ടുകേൾക്കാമായിരുന്നു. കണ്ണൂര് നിന്നൊരു സുഹ്റയോ, ത്രേസ്യയോ കാസർഗോഡു നിന്നൊരു ശ്രീദേവിയോ ലളിതയോ ആരെങ്കിലും ഞാൻ കൊതിക്കുന്ന പാട്ടുകൾ ആവശ്യപ്പെടണേന്ന് പ്രാർത്ഥിക്കുന്ന നിമിഷങ്ങൾ.
'രഞ്ജിനി' കേട്ടുറങ്ങിപ്പോകുന്ന ആ രാവുകളിൽ ഈണം കൊണ്ടും സുഖസാന്ദ്രമായ സംഗീതം കൊണ്ടും പ്രിയതരമായ പാട്ടുകൾ പോകെപ്പോകെ സൗന്ദര്യ കല്‍പനകൾക്കും ഭാവാർത്ഥങ്ങൾക്കും വഴിമാറിക്കൊടുത്തു. അങ്ങനെ കാവ്യഭാവനയുടെ ചായം പുരണ്ട് സങ്കല്‍പങ്ങളെല്ലാം സുന്ദര സുരഭിലമായിത്തീർന്നു.
ചിലരുടെ നിരാശകളിൽ സദാ പരിഹാസത്തിന്‍റെ ചെമ്പരത്തിക്കാടുകൾ പൂത്തു
കാമുക സങ്കല്പമൊന്നാകെ ഉരുവാർന്ന് കൃഷ്ണനെന്ന ഒരൊറ്റ സംജ്ഞയിൽ ഉറഞ്ഞു പോയൊരു കാലം. വസന്തവും വർഷവും പോലെ നിലാവിന്‍റെ ഒരു തുണ്ട് കാലം. കിളിക്കൂട്ടം തിരികെപ്പറക്കുന്ന പാടല വർണ്ണമാർന്ന ആകാശത്തിലേക്കു നോക്കി ഞാൻ പാടും, ''കൃഷ്ണാ...'' മനസ്സിന്‍റെ താളുകൾക്കിടയിൽ, നോട്ടുബുക്കിലെല്ലാം പേരിനു പകരം ഒരോടക്കുഴലും അതിലേയ്ക്കുതിരുന്ന പൂക്കളും വരച്ചിട്ട് ഞാനെന്നെ അടയാളപ്പെടുത്തി. ചിലരുടെ നിരാശകളിൽ സദാ പരിഹാസത്തിന്‍റെ ചെമ്പരത്തിക്കാടുകൾ പൂത്തു. പക്ഷേ, ഞാൻ അക്ഷരങ്ങളിൽ അനശ്വരമായ എന്തിനെയോ ആകാവുന്നത്ര തിരയുകയായിരുന്നു. അലൗകികമായ ചില കല്പനകളാണ് പാട്ടിന്‍റെ ചാരുതയെന്ന് തോന്നിയിട്ടുണ്ടോ നിങ്ങൾക്ക്? അതു പോലൊരു പാട്ടിന്‍റെ പിന്നാലെ ഒരിക്കലെന്‍റെ മനസ്സലഞ്ഞു നടന്നു!
'കാളിന്ദീ... കാളിന്ദീ...
കണ്ണന്‍റെ പ്രിയ സഖീ കാളിന്ദീ...
രാസ വിലാസവതി രാഗിണി...
രാധയെപ്പോലെ നീ ഭാഗ്യവതീ..."
കാളിന്ദപർവ്വതത്തിൽ നിന്നുത്ഭവിച്ച് കണ്ണന്‍റെ ബാലലീലകളിലൂടെ നമ്മുടെ കനവുകളിലേയ്ക്കൊഴുകിയ നദിയാണ് കാളിന്ദി. സൂര്യപുത്രി... ഇവിടെയിതാ വയലാർ പറയുന്നു കാളിന്ദിയോട് അനുരാഗമായിരുന്നത്രേ കണ്ണനെന്ന്! ഉദാത്തമായൊരു കാവ്യസങ്കല്പം... അന്യാദൃശം... അഴകിനെ അചുംബിതമായ ലജ്ജയോടുപമിച്ച ആ കാവ്യ ഭാവനകളിൽ പ്രണയത്തിനെന്നും അഭൗമമായ സൗന്ദര്യമാണ്. കൃഷ്ണന്‍റെ മാനസ വൃന്ദാവനമായ രാധയെപ്പോലെ ഭാഗ്യവതിയാണ് കാളിന്ദിയും എന്നു പറയുമ്പോൾ മുമ്പെ പ്പോഴോ കേട്ട 'അഷ്ടപദി' യിലെ (അതോ നാരായണീയം ?) ഒരു സന്ദർഭം ഓർത്തു പോകുന്നു. കൃഷ്ണൻ "കുവലയാപീഡം " എന്ന കൊലയാനയുടെ മസ്തകം അടിച്ചു തകർക്കുമ്പോൾ ചിതറിത്തെറിച്ച "മുത്തു "കളിലേക്ക് നോക്കി "ഇത് പെറുക്കിയെടുത്ത് രാധക്ക് കൊടുക്കൂ.. ആ കഴുത്തിലിത് മുത്തുമാലയായ് കിടക്കട്ടെ... " എന്നു പറയുന്നു. സംഹാരത്തിന്‍റെ, ക്രൗര്യത്തിന്‍റെ- കൊടുമ പൂണ്ട നിമിഷങ്ങളിലും തന്‍റെ ജയങ്ങൾ രാധയ്ക്കുള്ള ഉപഹാരങ്ങളാവും വിധം ഓർമ്മിക്കപ്പെടുന്നിടത്താണ് രാധ ഭാഗ്യവതിയാകുന്നത്.
ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ ആപാദചൂഡമണിഞ്ഞാലും എന്ന വരികൾ കേൾക്കുമ്പോൾ കാളിന്ദിയുടെ കുളിരലക്കൈകളുടെ പരിരംഭണത്തിലേയ്ക്ക് പറന്നിറങ്ങുന്ന കണ്ണന്‍റെ ചാരുചിത്രം മനസ്സിലുദിക്കുന്നു. "പൂജാസമയത്ത് ശ്രീ ഗുരുവായൂരിലെ പൊന്നിൻ കിരീടമണിഞ്ഞാലും നിന്‍റെ വൃന്ദാവനപ്പൂ ചൂടിയാലേ കണ്ണന് നിർവൃതിയാകൂ എന്ന ഹൃദയ നിമന്ത്രണം ദിവ്യമായ ഒരാത്മഗീതാഞ്ജലി തന്നെയാണ്. മഞ്ജു ചന്ദ്രിക മാത്രം സാക്ഷിയാകുന്ന രാഗരാവുകളിൽ തന്‍റെ തീരത്തിരുന്ന് ആ മുരളികയുതിർക്കുന്ന മധുര പ്രണവങ്ങൾ നുണഞ്ഞ് പ്രണയത്തിന്‍റെ പവിഴമല്ലിപ്പൂക്കളും പേറി കല്പാന്തകാലത്തോളമൊഴുകാൻ എത്ര കൊതിച്ചിട്ടുണ്ടാവും കാളിന്ദിയും!
അതു കൊണ്ടല്ലേ ഇന്നും ആ വേണുനാദം ഹൃദയങ്ങൾ തേടുന്നത്
എവിടെയോ ഒരു നൊമ്പരം. പ്രണയാർദ്ര ഹൃദയങ്ങളിലാകട്ടെ സൗന്ദര്യാനുഭൂതികളുടെ അനേകതകളിലെവിടെയൊക്കെയോ ആ വേദനകൾ ലീനമായിപ്പോയി. അതു കൊണ്ടല്ലേ ഇന്നും ആ വേണുനാദം ഹൃദയങ്ങൾ തേടുന്നത്. അർദ്ധവിരാമങ്ങളാണ് പ്രണയത്തെ തീവ്രമാക്കുന്നത്. അനിശ്ചിതത്വത്തിന്‍റെ സൗന്ദര്യം, അതൊന്നു വേറെയാണ്. സന്ദിഗ്ധതയിൽപ്പെട്ടുഴലുന്ന അദൃശ്യമായ, അസംഭവ്യമായ ചിലതിന്‍റെ നേർക്കുള്ള മനുഷ്യന്‍റെ ഭ്രാന്തുകളെ യുക്തി കൊണ്ട് വിശദീകരിക്കാനാവില്ല.
അജ്ഞാതമായ ഏതോ ഒന്നിനെ ഹൃദയവുമായി ഊട്ടിയുറപ്പിക്കുന്ന ചിരന്തന സത്യമായി മാറാനുള്ള ശേഷി ചില പാട്ടുകൾക്കുണ്ട്. കേട്ടു തീർന്നാലും അനുരണനങ്ങൾ നമ്മെ ആഹ്ളാദിപ്പിച്ചു കൊണ്ടേയിരിയ്ക്കുന്ന കാലങ്ങളിലൂടൊഴുകിയെത്തിയ ഈ പാട്ട് അമ്പതുകളിലേയ്ക്കും അറുപതുകളിലേക്കും കുതിയ്ക്കുന്നവരെ ഒന്നോർമ്മിപ്പിച്ചുകൊണ്ട് ഇരുപതുകളിൽ തിമിർക്കുന്ന കുരുത്തം കെട്ടോർക്ക് സമർപ്പിയ്ക്കുന്നു.
പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം