ഇനിയെന്നെങ്കിലും കണ്ടാല്‍, ഒരിക്കല്‍ കൂടി ആ പാട്ട് പാടിത്തരണമെനിക്ക്...
മുമ്പ് കേട്ടിട്ടില്ലാത്ത ആ പാട്ട് എങ്ങനെയാണ് അവന് കിട്ടിയതെന്നറിയില്ല. പക്ഷേ, ജാലകങ്ങൾക്കപ്പുറം മുറ്റത്തേക്ക് ചിതറി കിടക്കുന്ന ചുവന്ന പൂക്കളുടെ ചുവപ്പാണോ അതോ അവന്‍റെ കവിളുകളുടെ തുടിപ്പാണോ അന്നത്തെ സായാഹ്നം മുഴുവൻ പടർന്നത്. യൗവ്വനത്തിന്‍റെ അഗാധതയിലേക്ക് എന്തോ പകർന്നു തന്നാണ് ആ വൈകുന്നേരം കടന്നു പോയത്.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
എത്രയേറെ ആവർത്തനത്തോടെ കടന്നു വന്നാലും, ചുവപ്പിന്‍റെ വലിയ വട്ടപ്പൊട്ടണിഞ്ഞ് ഉഷസിന്‍റെ ചുമലിൽ തലചായ്ച്ചുറങ്ങുന്ന തണുത്ത ആകാശം വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. അന്നും, ഇന്നും! പ്രണയത്തെ മൗനം കൊണ്ട് പരിണയിക്കുന്നതും നോക്കി ഓർമ്മകളുടെ നെരിപ്പോടിൽ സ്വയം ചുട്ടെടുത്ത എത്രയെത്ര കനം വച്ച ചിന്തകൾ. പക്ഷേ, അതിനെയൊക്കെ വകഞ്ഞു മാറ്റി
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിന് വേറൊരു മധുവസന്തം.
ഇന്നു നീയെൻ അരികിലില്ലേ.....
എന്ന് കവിമാനസം പാടുന്നുണ്ടെങ്കിൽ അതെത്രത്തോളം വേരാഴ്ത്തിയ പ്രണയ രേണുക്കളായിരിക്കും. അത് തന്നെയാണ് കവിത്വം തുളുമ്പുന്ന ആ പാട്ടിനെ അത്രമാത്രം ഹൃദയത്തോട് അടുപ്പിച്ചതും. സാന്ത്വനമാകുന്ന പ്രണയത്തെ വർണമനോഹരമായ ക്യാൻവാസിൽ മുക്കിയൊരുക്കി മഴയെത്തും മുമ്പേയിലെ നന്ദനും ഉമയും കടന്നു വരുമ്പോൾ ഉള്ളിലെവിടെയോ പൊട്ടിത്തൂവി പടരുന്ന ഒരിളംവെയിൽ ചൂട്. ഒപ്പം ഊറിയെത്തുന്ന അവനോർമ്മകളും...
മഷിമണം പടരുന്ന ക്ലാസ്മുറി ഓർമ്മകളുടെ കറുത്ത ഫ്രെയിമിലെവിടെയോ, അയഞ്ഞ കുപ്പായമിടുന്ന ആ ചന്ദനക്കുറിക്കാരൻ ഇടയ്ക്ക് കടന്നു വരാറുണ്ട്. അധ്യാപകരുടെ പ്രാക്ക് വാങ്ങി വെളിയിൽ സ്ഥിര സാന്നിധ്യമായിരിക്കുന്ന പ്രതിഷ്ഠ. അതായിരുന്നു അവന്‍. നോട്ട് പകർത്തിയെടുക്കാൻ ഇടയ്ക്ക് സമീപിക്കാറുണ്ട് എന്നതിലുപരി പരസ്പരം പറയാൻ തക്ക ബന്ധങ്ങളൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല.
ബെഞ്ചില്‍ താളമിട്ട് പാടുന്ന അവനും, കൂടെ അനുഗമിക്കുന്ന ശിങ്കിടികളും സമയംകൊല്ലികളായിരുന്നു
പിന്നീടെപ്പഴോ, അവന്‍റെ വായിലിരുന്ന് തത്തിക്കളിക്കുന്ന സിനിമാഗാനങ്ങളാണ് ഒരു മനോഹരമായ പാട്ടിന്‍റെ ഈരടികൾ പോലെ അവനിലേക്ക് അടുപ്പിച്ചതും. സിനിമാ പാട്ട് പുസ്തകം വാങ്ങി ബെഞ്ചില്‍ താളമിട്ട് പാടുന്ന അവനും, കൂടെ അനുഗമിക്കുന്ന ശിങ്കിടികളും സമയംകൊല്ലികളായിരുന്നു. ഇടയ്ക്ക് തോന്നാറുണ്ട് അവന്‍റെ താളമുള്ള കൊട്ട് കേട്ട് ബഞ്ചിന്‍റെ ഓരത്ത് ചെവി കൂർപ്പിച്ചിരുന്ന് കുറേ നേരമിരുന്ന് ആസ്വദിക്കണമെന്ന്. ക്ലാസിലെ വിരസമായ പകലുകളിൽ ഒറ്റയെന്ന അപക്വചിന്തയിൽ നിന്നും പിന്നീടങ്ങോട്ട് ദ്വയത്തിലേക്കുള്ള ദൂരം താണ്ടാൻ മനസിനെ മോഹിപ്പിച്ചത് അവനായിരുന്നു, അവന്‍റെ സ്വരമായിരുന്നു.
ഏട്ട് വർഷങ്ങൾക്ക് മുമ്പ് എന്നത്തേയും പോലെ, പടിഞ്ഞാറിന്‍റെ അറ്റത്ത് സൂര്യൻ താഴാനായുള്ള മിനുക്ക് പണിയിൽ ഏർപ്പെട്ടിരിക്കുന്ന നേരം, അവസാന പിരിഡിലാണ് ക്ലാസ് അവസാനിപ്പിച്ച് ടീച്ചർ 'ആർക്കെങ്കിലും പാട്ട് പാടാം' എന്ന് പറഞ്ഞത്. മിക്കവരുടേയും കണ്ണുകൾ നീണ്ടത് 'ക്ലാസിലെ യേശുദാസും, വില്ലനുമായ' അവനിലേക്ക് തന്നെയായിരുന്നു. അവൻ പാടി.
''നിന്‍റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായി വന്നു ഞാൻ
നിന്‍റെ സാന്ത്വന വേണുവിൽ
രാഗലോലമായ് ജീവിതം
നീയെന്‍റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ...
(എന്തിനു വേറൊരു)''
മുമ്പ് കേട്ടിട്ടില്ലാത്ത ആ പാട്ട് എങ്ങനെയാണ് അവന് കിട്ടിയതെന്നറിയില്ല. പക്ഷേ, ജാലകങ്ങൾക്കപ്പുറം മുറ്റത്തേക്ക് ചിതറി കിടക്കുന്ന ചുവന്ന പൂക്കളുടെ ചുവപ്പാണോ അതോ അവന്‍റെ കവിളുകളുടെ തുടിപ്പാണോ അന്നത്തെ സായാഹ്നം മുഴുവൻ പടർന്നത്. യൗവ്വനത്തിന്‍റെ അഗാധതയിലേക്ക് എന്തോ പകർന്നു തന്നാണ് ആ വൈകുന്നേരം കടന്നു പോയത്. വർഷങ്ങൾങ്ങൾക്കിപ്പുറത്തേക്ക് നോക്കുമ്പോൾ അർത്ഥമറിഞ്ഞും അതിന്‍റെ കാവ്യഭംഗി അറിഞ്ഞുമാണോ അവനാ പാട്ട് പാടിയതെന്ന് അറിയില്ല. ഏങ്കിലും, എല്ലാവിധ ഭാവുകത്വങ്ങളോടെയും സ്വരശുദ്ധിയിൽ കലർപ്പില്ലാതെ പാടിയ ഗാനം അന്ന് ആ തണുത്ത വൈകുന്നേരം ഒപ്പിയെടുത്തപ്പോൾ അസ്ഥിയിൽ ഭ്രാന്ത് പിടിപ്പിക്കുന്ന ഉൻമാദമാണ് കുത്തിയിറങ്ങിയത്.
കാഴ്ചയുടേയും ഭാവനയുടേയും ഹൃദ്യമാകുന്ന ഓർമ്മകളുടേയും തുടിപ്പാണ് എനിക്കാ ഗാനം. അത്രമേൽ, വൈകാരികതയുടെ ഒരു നൂറ് സമവാക്യങ്ങൾ കോർത്തെടുത്ത ഗാനം. അവന്‍റെ സാന്ത്വനവീണയിൽ രാഗലോലമാവുന്ന, ആനന്ദനീലാംബരിയും അണയാത്ത ദീപാഞ്ജലിയുമായ അവളുടെ ജീവിതം. അംഗുലീലാളനങ്ങളിൽ ആർദ്രമാകാൻ കൊതിക്കുന്ന കാമുകീമാനസം. അങ്ങനെ അങ്ങനെ തുടിക്കുന്ന എത്രയെത്ര ബിംബങ്ങൾ. 'ശ്യാമ ഗോപികേ, ഈ മിഴി പൂക്കളിന്നന്തേ ഈറനായി' എന്ന് പാടുന്ന ദാസേട്ടന്‍റെ മധുരസ്വരം മമ്മൂട്ടിയുടെ ചുണ്ടിലൂടെ ഒഴുകുന്നത്, 'താംവഗാംഗുലീ ലാളനങ്ങളിൽ ആർദ്രമായി മാനസം' എന്നു പാടുന്ന ചിത്രയുടെ ഭാവപൂർണത... പിന്നീട് നന്ദനും ഉമയും ചേർന്ന് പാടുന്ന ഏകാത്മകതയും കൊതിപ്പിച്ചിട്ടുണ്ട്. പിന്നീട്, ആ പാട്ട് കേൾക്കുമ്പോഴൊക്കെ സ്വയം സൃഷ്ടിച്ചെടുത്ത സ്വപ്നങ്ങളിൽ കാക്കത്തൊള്ളായിരം തവണ ഞങ്ങൾ ഇരുവരും കടന്നു വന്നിട്ടുണ്ടാവും. മുതിർന്നപ്പോൾ എസ്. കുമാറിന്‍റെ ഛായാഗ്രഹണ മികവും ഇഷ്ടനായിക ശോഭന- മമ്മൂട്ടി കോംപിനേഷനും പിന്നെ ഒരിക്കലും സഫലമാകാതെ പോയ 'രാധാ-മാധവ പ്രണയവും' മേച്ചിൽപുറങ്ങളിൽ ഓളം വെട്ടും.
കാലക്രമേണ നെറ്റിയിലെ ചന്ദനത്തിന്‍റെ കുളിർമ നഷ്ടപ്പെട്ട് വരണ്ടുണങ്ങുന്നത് പോലെ അതങ്ങില്ലാതായി
ഒരു ഉച്ചമയക്കത്തിന്‍റെ ആലസ്യം പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും പത്തിലെ ക്ലാസ്ദിനങ്ങൾ അവസാനിച്ചിരുന്നു. അല്ലെങ്കിലും നല്ലതൊക്കെ സംഭവിക്കുന്നത് അവസാന നിമിഷങ്ങളിലായിരിക്കും. ഒന്നും ആരോടും പറഞ്ഞില്ല. കാലത്തിന്‍റെ, യൗവ്വനത്തിന്‍റെ തീഷ്ണതയിൽ സ്വയം ചുമന്നു നടന്നു. പ്രിയ കൂട്ടുകാരിയെ പിന്നീട് കാമുകിയായി അവൻ അവരോധിച്ചെന്നറിഞ്ഞപ്പോൾ കുന്നോളം സങ്കടം പെയ്തെങ്കിലും പിന്നീട്, കാലക്രമേണ നെറ്റിയിലെ ചന്ദനത്തിന്‍റെ കുളിർമ നഷ്ടപ്പെട്ട് വരണ്ടുണങ്ങുന്നത് പോലെ അതങ്ങില്ലാതായി. ഒരു പെണ്ണ് പ്രണയം പറഞ്ഞാലുള്ള ജാള്യതയായിരുന്നു അന്ന്. പറഞ്ഞാൽ അത് എല്ലാ ഡിവിഷനിലേക്കും പടരുമെന്നും ഉറപ്പായിരുന്നു. പക്ഷേ, ഇപ്പോഴും അറിയില്ല അവനെനിക്ക് ആരായിരുന്നെന്ന്. എങ്കിലും ആ പാട്ട് ഇടയ്ക്ക് അകത്തളങ്ങളിൽ കൊട്ടിയുണർത്തുമ്പോൾ ആദ്യത്തേയും അവസാനത്തേയും നിഷ്കളങ്ക പ്രണയമായി ഉപാധികളില്ലാതെ നാട്യങ്ങളേതുമില്ലാതെ ഞാനവനെ അത്രമേൽ പ്രണയിച്ചിരുന്നതായി ബോധ്യപ്പെടുത്താറുണ്ട് സ്വയം.
തിരക്കുകളുടെയും മടിയുടേയും കുത്തൊഴുക്കിൽ പെട്ട് മനപൂർവ്വം എല്ലാവരേയും മറന്നപ്പോൾ ഒപ്പം ആ പഴയ ചന്ദനക്കുറിക്കാരനേയും... അന്നത്തെ പൊടി മീശക്കാരൻ മഴയെത്തും മുമ്പേയിലെ നന്ദനെ പോലെ ഇന്ന് കട്ടിമീശക്കാരനായ യുവാവായി മാറിയിട്ടുണ്ടാവും. മധുരമേറും സ്വരം ഒന്നൂടെ ഗംഭീരമായിക്കാണുമെന്നതിൽ അതിശയോക്തിയില്ല. എങ്കിലും, ആൾക്കൂട്ടങ്ങൾക്കിടയിലോ, ഫേസ്ബുക്കിലോ, പഴയ സൗഹൃദങ്ങൾക്കിടയിലോ ഇതുവരെ അവനെ തിരഞ്ഞു ചെന്നിട്ടില്ല. വീണ്ടുമൊരു കണ്ടു മുട്ടലിനുള്ള സാധ്യത അവശേഷിക്കുന്നില്ല. സംഭവിക്കാതിരിക്കട്ടെ. ഇനി അഥവാ കണ്ടുകിട്ടുകയാണെങ്കിൽ പഴയ സുഹൃത്തിനോട് ഒന്നേ ആവശ്യപ്പെടാനുള്ളൂ.
''എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ...''
ആ പാട്ട് അവൻ മുഴുമിപ്പിച്ച് പാടുന്നത് ഒന്നൂടെ കേൾക്കണം. ഇനിയൊരു മടക്കമില്ലെങ്കിൽ കൂടി പറ്റുമെങ്കിൽ 'അടുത്തിരുന്നിട്ടും അറിയാതെ പോകുന്നതാണ് യതാർത്ഥത്തിൽ നഷ്ടപ്പെടലെന്ന്' പണ്ടാരോ പറഞ്ഞത് എത്ര ശരിയാണല്ലേടോന്ന് പതുക്കെയൊന്ന് ആ കാതിൽ മന്ത്രിച്ച് പൊട്ടിച്ചിരിക്കണം. വെറുതേ...
പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം